Advertisement

ഒരു ദിവസം എത്ര സമയം ഉറങ്ങണം?; നിങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള കണക്കിതാ…

October 24, 2024
Google News 3 minutes Read

ഒരു വ്യക്തി ശാരീരികമായും മാനസികവുമായും നല്ല ആരോഗ്യത്തോടെയിരിക്കാൻ ഉറക്കവും വളരെ പ്രധാനമാണ്. ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ കരുതുന്നത്. എന്നാൽ ഓരോ ആളുകളുടെയും പ്രായത്തിനനുസരിച്ച് ഈ കണക്കിൽ വ്യത്യാസമുണ്ടാകും.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും.ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.

ഉറക്കം സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം, കൊളസ്ട്രോളിൻ്റെ അളവ്, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവ നിലനിർത്തുന്നതിൽ ഉറക്കത്തിന് ഒരു പങ്കുണ്ട്. നന്നായി ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഓരോ പ്രായത്തിലും ലഭിക്കേണ്ട ഉറക്കത്തിന്റെ അളവിൽ കാര്യമായ വ്യത്യാസമുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

0-3 മാസം

14-17 മണിക്കൂർ വരെ ഉറക്കമാണ് നവജാതശിശുക്കൾ മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഇവരുടെ ഉറക്കം 11 മണിക്കൂറിൽ കുറയാനും പാടില്ല.

4-12 മാസം

12 മുതൽ 16 മണിക്കൂർ വരെ ഉറക്കമാണ് 1 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ആവശ്യം. ഇതിലും കുറവുണ്ടാകാൻ പാടില്ല..

1-2 വയസ്

ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ 11 മുതൽ 14 മണിക്കൂർ വരെ ദിവസവും ഉറങ്ങിയിരിക്കണം. 16 മണിക്കൂറാണ് അമിത ഉറക്കമായി ഈ പ്രായക്കാരിൽ കണക്കാക്കപ്പെടുന്നത്.

3-5 വയസ്

മൂന്ന് മുതൽ അഞ്ച് വയസ്സു വരെയുള്ള കുഞ്ഞുങ്ങൾ 10-13 മണിക്കൂർ വരെയാണ് ദിവസവും ഉറങ്ങേണ്ടത്. ചെറിയ മയക്കങ്ങളും ഇതിൽ ഉൾപ്പെടും.

6-13 വയസ്

ഈ പ്രായത്തിലുള്ള കുട്ടികൾ സ്‌കൂൾ വിദ്യാർഥികൾ കൂടിയായതിനാൽ 9-12 മണിക്കൂർ വരെ ഇവർക്ക് ഉറക്കം ആവശ്യമാണ്. ഇവരുടെ ഉറക്കം ഒരിക്കലും 7 മണിക്കൂറിൽ കുറയാനോ 12 മണിക്കൂറിൽ കൂടാനോ പാടില്ല.

14-17 വയസ്

ടീനേജ് പ്രായത്തിലുള്ള കുട്ടികൾക്കും ഉറക്കം വളരെ പ്രധാനമാണ്. 8-10 മണിക്കൂർ വരെയാണ് ഇവർക്ക് അഭികാമ്യമായ ഉറക്കം. ഇവരുടെ ഉറക്കവും 7 മണിക്കൂറിൽ കുറയാൻ പാടില്ല. 11 മണിക്കൂറിൽ കൂടുതലാണ് ഇവരുടെ അമിതമായ ഉറക്കം.

18-64 വയസ്

ജീവിതത്തിലെ ഏറ്റവും ആരോഗ്യപരമായ കാലഘട്ടം ഉൾപ്പെടുന്ന ഗ്രൂപ്പ് ആണിത്. 7-9 മണിക്കൂർ വരെ ഉറക്കം ഈ പ്രായത്തിൽ നിർബന്ധമായും ലഭിക്കിച്ചിരിക്കണം. ആറു മണിക്കൂറിൽ കുറവ് ഉറക്കം ഒരിക്കലും ഈ പ്രായക്കാരുടെ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ 10-11 മണിക്കൂറിന് മുകളിലുള്ള ഉറക്കം ദോഷം ചെയ്യുകയും ചെയ്യും.

65 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഉറക്കം കുറവായി ആണ് സാധാരണ കാണുന്നതെങ്കിലും ഇവർക്കും എട്ട് മണിക്കൂർ ഉറക്കം നിർബന്ധമാണ്. പ്രായാധിക്യമായ അസുഖങ്ങളും മറ്റും മൂലം ഇതിൽ വ്യത്യാസം വരുമെങ്കിലും അഞ്ച് മണിക്കൂറിൽ കൂടുതൽ ഉറക്കം നഷ്ടപ്പെടുന്നത് ദോഷം ചെയ്യും.

Story Highlights : How Much Sleep Do You Need?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here