‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, ഗവർണർ കാവിവത്ക്കരണം നടത്തുന്നു’; എം വി ഗോവിന്ദൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ കാവിവത്ക്കരണം നടത്തുന്നുവെന്നാണ് ആരോപണം. ഇതിനായി സർവകലാശാലകളിൽ നിയമനം നടത്തുന്നു. ആരോഗ്യ സർവകലാശാലയിൽ കുന്നുമ്മൽ മോഹനനെ വീണ്ടും നിയമിച്ചത് നിയമവിരുദ്ധമാണ്.
വിഷയം ആരും ചർച്ച ചെയ്യുന്നില്ലെന്നും നിയമവിരുദ്ധമായ നിലപാടുകൾക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി വീണ്ടും നിയമിച്ചപ്പോൾ എന്തെല്ലാം ബഹളമായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം ഇപ്പോൾ ഒരു ചർച്ചയും ഒരു പ്രയാസവുമില്ലെന്നും പറഞ്ഞു.
ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാവില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. തോമസ് കെ തോമസിന്റെ കോഴ ആരോപണം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇതൊന്നും പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല. വസ്തുതയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷുക്കൂർ പാർട്ടി വിട്ടിട്ടില്ല. ഇന്നത്തെ കൺവെൻഷനിൽ ഉണ്ടാകും. അൻവറിന്റെ കാര്യം എല്ലാവർക്കും ഇപ്പോൾ മനസിലായി. എങ്ങനെയാണ് ആളെ കൂട്ടിക്കൊണ്ടുവരുന്നതെന്നും കണ്ടല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫിൽ സതീശനും സുധാകരനും തമ്മിൽ കടുത്ത ഭിന്നതയുണ്ട്. അതിന് കാരണം അൻവറാണ്. സരിൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടായിരുന്നു എടുത്തിരുന്നത്. അതിപ്പോൾ മാറി. മുഖ്യമന്ത്രിക്കെതിരായ നിലപാടല്ല ഇപ്പോൾ ഉള്ളത്. സരിൻ പ്രശ്നം ഉണ്ടായപ്പോൾ വിളിച്ചിരുന്നു. സരിൻറെ മുൻ നിലപാടുകളിൽ അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോൾ ഞങ്ങളുടെ നിലപാടുകൾക്ക് ഒപ്പമാണ് സരിരെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : M V Govindan criticize Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here