പാലക്കാട് ജില്ല കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം: ജിദ്ദയിൽ നവംബർ ഒന്നിന് പാലക്കാടൻ നൈറ്റ്
ജിദ്ദയിൽ പാലക്കാട് ജില്ല കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടക്കും. വൈകുന്നേരം 6:30 നു ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ ആണ് പരിപാടി നടക്കുന്നത്. പ്രശസ്ത സിനിമാ പിന്നണി ഗായകരായ ഹനാൻ ഷായും, ശിഖ പ്രഭാകരനും, ഇഹ്സാനും (ഈച്ചൂ )പങ്കെടുക്കുന്ന പരിപാടിയിൽ റിയാദ് ടാക്കീസ് അവതരിപ്പിക്കുന്ന ശിങ്കാരി മേളവും, ജിദ്ദയിലെ ഗുഡ് ഹോപ്, ഫിനോം എന്നീ അക്കാദമികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളപ്പിറവി ദിനമായത് കൊണ്ട് കേരളത്തിന്റെയും വിശിഷ്യാ പാലക്കാടിന്റെയും തനത് കലാ രൂപങ്ങളും ഉണ്ടായിരിക്കുന്നതാണ്. പാലക്കാട് ജില്ലയിൽ നിന്നുള്ള കലാകാരന്മാർ കന്യാർക്കളി, കൊയ്ത്തുപാട്ട്, പുള്ളുവൻപാട്ട്, കുംഭക്കളി, പൂതനും തറയും, മയിലാട്ടം തുടങ്ങിയ പാലക്കാടൻ കലാ രൂപങ്ങൾ അവതരിപ്പിക്കും. കോൺസുൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി ഉൾപ്പെടെയുളള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
2023 സെപ്റ്റംബർ ഒന്നിനാണ് ജിദ്ദയിൽ പാലക്കാട് ജില്ലാ കൂട്ടായ്മ രൂപം കൊണ്ടത്. പ്രവാസികളായ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പാലക്കാട്ടുകാർ മാത്രമാണ് കൂട്ടായ്മയിലെ അംഗങ്ങൾ. പാലക്കാട് ജില്ലയിലുള്ള പാവപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനും, പ്രവാസികളുടെ ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. ജോലി ഇല്ലാത്തവർക്ക് ജോലി ശരിയാക്കി കൊടുക്കുക, ചികിത്സയിലിരിക്കുന്നവർക്ക് മരുന്ന് ആവശ്യമുണ്ടെങ്കിൽ എത്തിച്ചു കൊടുക്കുക, താമസ സൗകര്യമില്ലാത്തവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക, ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക, നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നവർക്ക് നാട്ടിൽ പോകാണാവശ്യമായ സഹായങ്ങൾ ചെയ്യുക തുടങ്ങി വിവിധയിനം സഹായങ്ങൾ കൂട്ടായ്മയുടെ ലക്ഷ്യങ്ങളാണ്. കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി ഒരു സാംസ്‌കാരിക കൂട്ടായ്മയായിട്ടാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ട് നേരിട്ട അംഗങ്ങളെ നാട്ടിലേക്ക് പറഞ്ഞയക്കാനും, ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താനും, തൊഴിലിടങ്ങളിൽ നിയമപരമായ സഹായം നൽകാനും കമ്മറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.
Read Also: പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷം; സർവ്വീസ് കാർണിവൽ പോസ്റ്റർ പ്രകാശനം ചെയ്തു
ആയിരത്തോളം മെമ്പർമാർ അടങ്ങുന്നതാണ് പാലക്കാട് ജില്ലാ കൂട്ടായ്മ. കഴിഞ്ഞ വർഷം കൂടിയ ജനറൽ ബോഡിയിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി അറുപതോളം പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. പ്രവർത്തക സമിതി യോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. പിന്നീട് നടന്ന ജനറൽ ബോഡിയിൽ വനിതാ വിങ് രൂപം കൊണ്ടു. വിവിധ വിശേഷ ദിവസങ്ങൾ ആഘോഷമാക്കി പാലക്കാട്ടുകാരെ ഒരുമിച്ചു നിർത്തി ഒരു കുടുംബമായി മുന്നോട്ട് പോവുക എന്നതാണ് പാലക്കാട് കൂട്ടായ്മയുടെ തീരുമാനങ്ങൾ എന്ന് ഭാരവാഹികൾ അറിയിച്ചു.
അബ്ദുൽ അസീസ് പട്ടാമ്പി (പ്രസിഡന്റ്), ജിദേശ് എകുന്നത്ത് ( ജനറൽ സെക്രട്ടറി ), മുജീബ് തൃത്താല (വൈസ് പ്രസിഡന്റ്), മുഹമ്മദലി കാഞ്ഞിരപ്പുഴ (വൈസ് പ്രസിഡന്റ്),സൈനുദ്ധീൻ മണ്ണാർക്കാട്(ജോ: സെക്രട്ടറി ), റഷീദ് കൂറ്റനാട് (ജോ: സെക്രട്ടറി ), നാസർ വിളയൂർ(ഫൈനാൻസ് കൺട്രോളർ), ഷൗക്കത്ത് പനമണ്ണ (വെൽഫെയർ കൺവീനർ), നവാസ് മേപ്പറമ്പ് (ഇവന്റ് കൺവീനർ ), മുജീബ് മൂത്തേടത്ത് (മീഡിയ കൺവീനർ ), താജുദ്ദീൻ മണ്ണാർക്കാട് (ജോ : മീഡിയ കൺവീനർ), പ്രജീഷ് പാലക്കാട്, ഖാജാ ഹുസൈൻ മലമ്പുഴ, ബാദുഷ കോണിക്കുഴി, ഷാജി ആലത്തൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Story Highlights : 1st Anniversary Celebration of Palakkad District Association on November 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here