മോചനം വൈകുന്നു; അബ്ദു റഹീമിനെ കാണാൻ കുടുംബം സൗദിയിലെത്തി
ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി കുടുംബം സൗദിയിലെത്തി. മോചനം വൈകുന്ന സാഹചര്യത്തിലാണ് ഉമ്മയും സഹോദരനും അമ്മാവനും സൗദിയിൽ എത്തിയത്. അബ്ദുറഹീമിന്റെ ഉമ്മ ഫാത്തിമയുടെ ആഗ്രഹപ്രകാരമാണ് കുടുംബം സൗദിയിലേക്ക് പുറപ്പെട്ടത്. അബ്ദുറഹീമിന്റെ മോചന ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സിറ്റിംഗ് നടന്നുവെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ മോചന ഉത്തരവ് പുറത്തിറക്കും എന്നായിരുന്നു അറിയിപ്പ്. മകനായി ഇനി കാത്തിരിക്കാനാകില്ലെന്ന് ഉമ്മ പറഞ്ഞതോടെ കുടുംബം യാത്ര തിരിക്കുകയായിരുന്നു.
Read Also: വീട്ടുജോലിക്കാരി വഴക്കിട്ടു, മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കി ദമ്പതികൾ
റഹീമിന്റെ ഉമ്മ ഫാത്തിമ , സഹോദരൻ നസീർ, അമ്മാവൻ എന്നിവരാണ് സൗദിയിൽ എത്തിയത്. ഉംറ തീർത്ഥാടനത്തിനു ശേഷമാകും ജയിലിൽ എത്തി റഹീമിനെ കാണുക. ഇതിനായി ജയിലിലെ നടപടികളും പുരോഗമിക്കുകയാണ്.
കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദു റഹീം. 2006ലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു റഹീം ജയിലിലാകുന്നത്. അന്ന് ഇയാൾക്ക് 26 വയസായിരുന്നു പ്രായം. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന് സ്‌പോണ്‍സറുടെ, ചലനശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. 2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും, ഇതേതുടര്‍ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയുമായിരുന്നു.
സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി കേസിൽ വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയ്യാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.
Story Highlights : Delayed release; The family came to Riyadh to meet Abdu Rahim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here