കേസ് ഒതുക്കിതീര്‍ത്തത് സര്‍ക്കാര്‍, ആര്‍ജവമുണ്ടെങ്കില്‍ കൊടകര കുഴല്‍പ്പണകേസ് പുനരന്വേഷിക്കണം: ടി എന്‍ പ്രതാപന്‍

കൊടകരയില്‍ പിടികൂടിയ കുഴല്‍പ്പണം ബിജെപിക്കായി എത്തിച്ചതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ടി എന്‍ പ്രതാപന്‍. കോടികള്‍ എത്തിച്ചത് ബിജെപിക്കുവേണ്ടിയെന്ന് ആദ്യം ഉന്നയിച്ചത് തങ്ങളായിരുന്നുവെന്നും അന്ന് അതിന്റെ പേരില്‍ തങ്ങള്‍ ഒത്തിരി പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ബിജെപി നേതാക്കളെ പ്രതികളാക്കി കേസെടുക്കണമെന്ന് അന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും കേസ് ഒതുക്കിതീര്‍ക്കാന്‍ കൂട്ടുനിന്നു. ആഭ്യന്തര വകുപ്പിന് ആര്‍ജവമുണ്ടെങ്കില്‍ കൊടകര കുഴല്‍പ്പണ കേസ് പുനരന്വേഷിക്കാന്‍ തയാറാകണമെന്നും ടി എന്‍ പ്രതാപന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (T N prathapan on BJP leaders’s revelation on kodakara hawala case)
കൊടകര കേസ് ബിജെപി നേതാക്കളെ രക്ഷിക്കാനുണ്ടാക്കിയെ ഡീലെന്ന് കോണ്‍ഗ്രസ് അന്നേ പറഞ്ഞുവെന്ന് ടി എന്‍ പ്രതാപന്‍ ഓര്‍മിപ്പിച്ചു. ആഭ്യന്തര വകുപ്പിന്റെ പിന്തുണയില്ലാതെ കേസ് ഒതുക്കിതീര്‍ക്കാന്‍ നടക്കില്ല. സിപിഐഎം- ബിജെപി അന്തര്‍ധാരകളുടെ തുടക്കമായിരുന്നു ഇത്. ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി മാറ്റി ചില സാധാരണ വഴിപോക്കന്മാരെ പോലെ ചിലരെ പ്രതികളാക്കാനാണ് സര്‍ക്കാര്‍ നോക്കിയത്. എം ആര്‍ അജിത് കുമാറിനെ പോലെയല്ലാത്ത മിടുക്കന്മാരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവമുണ്ടെങ്കില്‍ തയാറാകണം. കേന്ദ്ര ഏജന്‍സികളെ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും കള്ളപ്പണം ഒഴുകുന്നുണ്ടെന്നും അതിനാല്‍ തങ്ങളും ജാഗ്രത പാലിക്കുന്നുണ്ടെന്നും ടി എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
കോടികളുടെ കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസില്‍ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴല്‍പ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍. ഓഫീസിലേക്ക് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്.ധര്‍മ്മരാജന്‍ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോള്‍ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉണ്ടായിരുന്നു.കവര്‍ച്ച ചെയ്യപ്പെട്ടത് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണെന്നും. താന്‍ കുഴല്‍പ്പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്ത് കൊടുത്തത് ജില്ലാ ട്രഷറര്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്നുമായിരുന്നു തിരൂര്‍ സതീശ് ട്വന്റി ഫോറിനോട് നടത്തിയ വെളിപ്പെടുത്തല്‍.
Story Highlights : T N prathapan on BJP leaders’s revelation on kodakara hawala case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here