‘മുൻപ് നൽകിയത് BJP ഓഫീസിൽ നിന്ന് പറഞ്ഞ് പഠിപ്പിച്ച മൊഴി, പുനരന്വേഷണത്തിൽ കൂടുതൽ വെളിപ്പെടുത്തും’; തിരൂർ സതീഷ്
കൊടകര കുഴൽപ്പണ കേസിലെ പുനരന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പൊലീസിനോട് വെളിപ്പെടുത്തേണ്ടതുണ്ടെങ്കിൽ പറയുമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തോടും പറയും. ആദ്യം നടന്ന കേസ് അന്വേഷണത്തിൽ താൻ മറുപടി പറഞ്ഞത് ഓഫീസിൽനിന്ന് പറഞ്ഞു തന്ന പ്രകാരമായിരുന്നു.
ജില്ലാ പ്രസിഡന്റാണ് പൊലീസിന് മുന്നിൽ പറയേണ്ട മൊഴി പഠിപ്പിച്ചു തന്നതെന്നും തിരൂർ സതീഷ് ട്വന്റി ഫോറിനോട് പറഞ്ഞു.
ഇലക്ഷൻ മെറ്റീരിയൽ ആണ് എത്തിച്ചതെന്ന് പറയാനായിരുന്നു ജില്ലാ പ്രസിഡൻറ് പറഞ്ഞത്. അങ്ങിനെത്തന്നെയാണ് അന്നും മൊഴിയിൽ പറഞ്ഞിരുന്നത്. താൻ പറയുന്ന കാര്യങ്ങളെല്ലാം കണ്ണിന് മുന്നിൽ നേരിൽ കണ്ടതാണ്, അത് വെളിപ്പെടുത്തുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ല. ഓഫീസിൽ എത്തിച്ച പണം പിന്നീട് ഇവിടെ നിന്ന് എടുത്തുകൊണ്ടുപോയിട്ടില്ല. കൊടകര മോഷണത്തിലെ പ്രതി തന്നെയാണ് ഇവിടെയും പണം കൊണ്ടുവന്നിട്ടുള്ളത്. അപ്പോഴാണ് മനസിലായത് കൊണ്ടുവന്നത് ഇലക്ഷൻ മെറ്റീരിയൽ അല്ല പണമായിരുന്നുവെന്ന്. കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ ട്രഷററും പ്രസിഡന്റും പറഞ്ഞിരുന്നു. അതനുസരിച്ചാണ് അവ സുരക്ഷിതമാക്കി വെച്ചതെന്നും തിരൂർ സതീഷ് പറയുന്നു.
Read Also: കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം
അതേസമയം, പഴയ നടക്കാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചാക്കുകെട്ടുകളിൽ കോഴിക്കോട് സ്വദേശി ധർമ്മരാജൻ പണം കൊണ്ടുവന്നു. തെരഞ്ഞെടുപ്പ് മെറ്റീരിയൽ എന്ന പേരിലാണ് പണം എത്തിച്ചത് എന്നുമാണ് സതീഷന്റെ വെളിപ്പെടുത്തൽ. പണം എത്തിക്കുന്നതിനു മുന്നോടിയായി ധർമ്മരാജൻ ഓഫീസിൽ എത്തി. ഈ സമയം ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും ഓഫീസിൽ ഉണ്ടായിരുന്നുവെന്നും ഇരുവരുമായി ധർമ്മരാജൻ സംസാരിച്ചുവെന്നും സതീഷ് ട്വന്റി ഫോറിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മെറ്റീരിയൽ എത്തിക്കുന്ന വ്യക്തിയാണ് ധർമ്മരാജനെന്ന് പറഞ്ഞ് നേതാക്കൾ സതീഷിനെ പരിചയപ്പെടുത്തി. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിനായി പണം എത്തിച്ചത് എന്നുമാണ് സതീഷ് പറഞ്ഞത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴല്‍പ്പണം എത്തിച്ചെന്ന സംഭവത്തിൽ പുനരന്വേഷണം വേണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. കൊടകര കേസ് കള്ളപ്പണം വിതരണം ചെയ്തതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. നേതാക്കൾക്ക് നേരെയുള്ള വെളിപ്പെടുത്തല്‍ ഗുരതരമാണ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നത് ബിജെപിയുടെ രീതിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.
Story Highlights : Re-investigation in Kodakara black money case will reveal more; Thiroor satheesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here