ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷദിനമാകുമോ? മത്സരം അല്‍പ്പ സമയത്തിനകം
ബദ്ധവൈരിയായ ബംഗളുരുവുമായുള്ള മത്സരം 3-1 സ്‌കോറില്‍ ബംഗളുരു വിജയികളായ സങ്കടം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കും ആരാധാകര്‍ക്കും ഇനിയും മറക്കാനായിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു മത്സരത്തിന് ഇന്ന് മുംബൈയില്‍ അരങ്ങ് ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിലെ മുംബൈ സിറ്റിയുമായുള്ള എവേ മത്സരത്തില്‍ വിജയമല്ലാതെ മറ്റൊന്നും കേരളം ആഗ്രഹിക്കുന്നില്ല. രാത്രി ഏഴരക്ക് മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് വിജയം മാത്രം ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയിക്കാനായിട്ടുള്ളത്. രണ്ട് കളിയില്‍ സമനില വഴങ്ങേണ്ടി വന്നപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍വിയായിരുന്നു ഫലം.
ഈ സീസണില്‍ ടീം ഒത്തിണക്കത്തോടെ കളിക്കുമ്പോഴും അപ്രതീക്ഷിത തോല്‍വികളിലേക്ക് വീഴേണ്ടി വരുന്നത് ആരാധകരെ കുറച്ചൊന്നുമല്ല സങ്കടത്തിലാക്കുന്നത്. ബംഗളുരുവുമായുള്ള കഴിഞ്ഞ മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും വരുത്തിയ പിഴവുകള്‍ക്കാണ് വലിയ വില നല്‍കേണ്ടി വന്നത്. പലപ്പോഴും പ്രതിരോധപ്പിഴവുകള്‍ തിരിച്ചടിയാകുന്നുണ്ട്. ജെസ്യൂസ് ജെമിനസും നോഹ് സദോയിയുമായിരിക്കും മുംബൈയിലിറങ്ങുക. എന്നാല്‍ പരിക്കേറ്റ സദോയിക്ക് ഇന്നത്തെ ആദ്യ ഇലവനില്‍ ഇറങ്ങാനായില്ലെങ്കില്‍ പകരം ക്വാമി പെപ്രയായിരിക്കും മുന്‍നിരയിലുണ്ടാകുക.
അഡ്രിയാന്‍ ലൂണ ഇത്തവണയും മുന്നേറ്റനിരക്ക് പന്തെത്തിക്കുന്ന ചുമതല നിര്‍വഹിക്കും. പ്രതിരോധനിരയെ ശക്തമാക്കാന്‍ അലക്‌സാണ്ടര്‍ കൊയെഫ് അടക്കമുള്ള താരങ്ങളുണ്ടാകും. വിബിന്‍മോഹന്‍ മധ്യനിരയിലുണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ അക്ഷന്തവ്യമായ തെറ്റ് വരുത്തിയ കീപ്പര്‍ സോംകുമാറിനെ ഇന്ന് ഇറക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ആദ്യ ഇലവനില്‍ ഇല്ലെങ്കില്‍ നോറ ഫെര്‍ണാണ്ടസ് ഗോള്‍വല കാക്കും. എട്ടുപോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോഴുള്ളത്.
Story Highlights: Kerala Blasters vs Mumbai City match preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here