യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്
യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷയറിലെ ആറ് വോട്ടർമാർ മാത്രമുള്ള ചെറുടൗണായ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
കമല ഹാരിസും ഡോണൾഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സർവേ ഫലങ്ങളിൽ കമല മുന്നിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കുറി വനിതാ വോട്ടുകളും കമലക്ക് അനുകൂലമാണെന്ന് സർവേകൾ പറയുന്നു. 2016ൽ ഹിലരി ക്ലിന്റണെതിരെ മത്സരിച്ചപ്പോൾ 53 ശതമാനം വനിത വോട്ടുകൾ നേടിയ ട്രംപിന് ഇക്കുറി 40 ശതമാനം വോട്ടേ ലഭിക്കൂവെന്നാണ് സൂചന.
രാജ്യത്തെ വിവിധ സമയ സോണുകളിൽ പ്രാദേശിക സമയം ഏഴുമുതൽ രാത്രി എട്ടുവരെയാണ് വോട്ടിങ്. ‘മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പിൽ ഇന്ന് ഒമ്പത് കോടി പേർ പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകംതന്നെ സാധാരണയായി ഫലം പുറത്തുവരാറുണ്ടെങ്കിലും, ഇക്കുറി ഏറെ വൈകുമെന്നാണ് റിപ്പോർട്ട്.
Story Highlights : US Election Result Sunita Williams Live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here