ഉജ്ജ്വല വിജയത്തിന് എന്റെ ഫ്രണ്ടിന് അഭിനന്ദനം; ട്രംപിനെ ഫോണില്‍ വിളിച്ച് മോദി
ലോകം ഉറ്റുനോക്കിയ പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാത്തേക്ക് തിരിച്ചെത്തിയ ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ഇക്കാര്യം തന്റെ എക്‌സ് ഹാന്‍ഡിലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഉജ്ജ്വല വിജയത്തില്‍ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദനം അറിയിച്ചെന്നും ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി എക്‌സില്‍ കുറിച്ചു. സാങ്കേതികവിദ്യ, പ്രതിരോധം, ഊര്‍ജം, സ്‌പേസ് മുതലായ രംഗങ്ങളില്‍ ഇരുരാജ്യങ്ങളുടേയും സഹകരണം ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. (PM Modi dials up US President-elect Donald Trump)
ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ട്രംപ് വിജയമുറപ്പിച്ചുടന്‍ മോദി എക്‌സില്‍ കുറിച്ചിരുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും നരേന്ദ്ര മോദി കുറിച്ചു. ‘ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ… മുന്‍ കാലയളവിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം’- നരേന്ദ്ര മോദി കുറിച്ചു.
അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും ഡോണാള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്‌ലോറിഡയില്‍ പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അനുയായികളെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപിന്റെ ഭാര്യയും മക്കളും വേദിയില്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
Story Highlights : PM Modi dials up US President-elect Donald Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here