ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായെത്തി, കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് 4 പേരെ കസ്റ്റഡിയിലെടുത്തു

കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി വന്ന നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് ആണ് പ്രതികളെ കരുതല്‍ തടങ്കലില്‍ എടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഇവര്‍ ഇവിടെ എത്തുമെന്നും പലസ്തീന്‍ പതാകയുമായി പ്രതിഷേധിക്കുമെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് സ്റ്റേഡിയം പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തു. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനോട് തോല്‍വി വഴങ്ങി. ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില്‍ നിന്ന കേരള ടീം പോയിന്റ് പട്ടികയില്‍ 11-ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്‌കോറിലാണ് പരാജയപ്പെട്ടത്. രണ്ട് പകുതികളിലും നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഗോള്‍ മാത്രം പിറക്കാത്ത മത്സരത്തില്‍ അലസമായ നീക്കങ്ങളും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളില്‍ നിന്ന് കണ്ടു. നോഹ സദോയ്, അഡ്രിയാന്‍ ലൂണ, കെ.പി രാഹുല്‍ എന്നിവര്‍ മോശമില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ ആദ്യപകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ജിമിനസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോള്‍ നേടിയത്.
Story Highlights : Four people who brought Palestine flag to ISL match in Kochi were detained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here