Advertisement

കേരള സൂപ്പര്‍ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിന് കൊച്ചിയും കോഴിക്കോടും

November 7, 2024
Google News 2 minutes Read
Forca Kochi vs Calicut varriors

മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള പ്രഥമ ഫൈനലില്‍ മാറ്റുരക്കുക ഫോഴ്‌സ കൊച്ചി എഫ്സിയും കാലിക്കറ്റ് എഫ്സിയും. കോഴിക്കോട് ഇംഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊച്ചി അവസാന പോരാട്ടത്തിന് ബര്‍ത്ത് ഉറപ്പിച്ചത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. എന്നാല്‍ രണ്ടാംപകുതിയില്‍ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടന്‍ ഗോമസ് കളിയുടെ ഗതി നിര്‍ണയിക്കുന്ന രണ്ട് ഗോളുകള്‍ നേടിയതോടെ കണ്ണൂരിന് പുറത്തേക്കുള്ള ടിക്കറ്റ് ഉറച്ചു. ആദ്യ പതിനഞ്ച് മിനിറ്റില്‍ വിരസമായ നീക്കങ്ങളായിരുന്നു ഇരുടീമുകളുടെയും ഭാഗത്ത് നിന്നുണ്ടായത്. ഗോളിലേക്ക് ആവേശം നിറക്കുന്ന ഒരു നീക്കങ്ങള്‍ പോലും ഇല്ലാതെ വന്നതോടെ ഫാന്‍സും നിരാശരായിരുന്നു. എന്നാല്‍ 16-ാം മിനിറ്റില്‍ കളിയുടെ വിരസത മാറ്റിയ നീക്കമുണ്ടായി. കൊച്ചിയുടെ ഡോറിയല്‍ട്ടന്‍ നല്‍കിയ പന്തില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഗോള്‍ ശ്രമം. പക്ഷേ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പന്ത് കണ്ണൂര്‍ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.

പിന്നാലെ ഗോളിനുള്ള ശ്രമം കണ്ണൂര്‍ വാരിയേഴ്‌സും നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ കൊച്ചിയുടെ കമല്‍പ്രീത് സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ നിജോയുടെ രണ്ടാമത്തെ ഗോളശ്രവും കണ്ടു. കണ്ണൂര്‍ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ച പന്ത് കീപ്പര്‍ അജ്മല്‍ കോര്‍ണര്‍ വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. തൊട്ടുപിന്നാലെ 42-ാം മിനിറ്റില്‍ കണ്ണൂരിന്റെ റിഷാദ് ഗഫൂറിന് മഞ്ഞക്കാര്‍ഡ്. ഒത്തിണക്കത്തോടെയുള്ള നീക്കങ്ങള്‍ ഇരുടീമുകളും നടത്താതെ വിരസമായാണ് ഒന്നാം പകുതി അവസാനിച്ചത്.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകിയില്ല, അന്‍പതാം മിനിറ്റില്‍ കണ്ണൂരിന്റെ സെര്‍ഡിനേറോയെ ഫൗള്‍ ചെയ്തതിന് അജയ് അലക്സിന് മഞ്ഞക്കാര്‍ഡും കണ്ണൂരിരിന് അനുകൂലമായി ഫ്രീകിക്കും. എന്നാല്‍ ബോക്സിന് സമീപത്ത് നിന്നെടുത്ത കിക്ക് ലക്ഷ്യം കാണാതെ പോയി. അറുപത്തിരണ്ടാം മിനിറ്റില്‍ അബിന്‍, നജീബ്, ഹര്‍ഷല്‍ എന്നിവര്‍ കണ്ണൂരിനായി പകരക്കാരായി എത്തി. കൊച്ചിയും ഒരു താരത്തെ പിന്‍വലിച്ചു. പകരം ബസന്ത സിംഗാണ് എത്തിയത്. ഒരു മാറ്റം നടത്തിയ കൊച്ചിയാണ് കളിയുടെ ഗതി മാറ്റിയത്. എഴുപത്തിമൂന്നാം മിനിറ്റില്‍ കൊച്ചി ഗോള്‍ നേടി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ഡോറിയല്‍ട്ടന്‍ ഗോമസ് ബൈസിക്കിള്‍ കിക്കിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. സ്‌കോര്‍ 1-0. ആറ് മിനിറ്റിന്റെ ഇടവേള മാത്രമായിരുന്നു കൊച്ചിയുടെ രണ്ടാംഗോളിലേക്ക് ഉണ്ടായിരുന്നത്. ഡോറിയല്‍ട്ടന്‍ വീണ്ടും ഗോള്‍ നേടി. ഇടതു വിങ്ങിലൂടെ മുന്നേറിയെത്തി ഡോറിയല്‍ട്ടന്‍ തൊടുത്ത ഗ്രൗണ്ടര്‍ അജ്മലിന്റെ കൈകള്‍ക്ക് ഇടയിലൂടെ പോസ്റ്റില്‍ കയറി. സ്‌കോര്‍ 2-0. ഇതോടെ കേരള സൂപ്പര്‍ ലീഗില്‍ ബ്രസീലിയന്‍ താരത്തിന് ഏഴ് ഗോളുകള്‍ സ്വന്തമായി. ഒപ്പം പ്രഥമ മഹിന്ദ്ര സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍ ഫോഴ്‌സ കൊച്ചി എഫ്‌സി ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. പത്തിന് കോഴിക്കോട് ഇതേ സ്റ്റേഡിയത്തില്‍ തന്നെയായിരിക്കും ഫൈനല്‍.

Story Highlights: Kerala Super League Final Forca Kochi FC vs Calicut FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here