Advertisement

കോഴിക്കോടന്‍ ആവേശത്തില്‍ സൂപ്പര്‍ലീഗ് കേരള ആദ്യകിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്‌സി

November 10, 2024
Google News 2 minutes Read
Calicut FC

കോഴിക്കോടന്‍ മണ്ണില്‍, ഗ്യാലറിയില്‍ നുരഞ്ഞുപൊങ്ങിയ ആവേശത്തില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്‌സി. 2-1 സ്‌കോറിലായിരുന്നു നടന്‍ പൃത്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ കൊച്ചി എഫ്‌സിയെ പരാജയപ്പെടുത്തിയുള്ള കാലിക്കറ്റിന്റെ ചരിത്രവിജയം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയായിരുന്നു ആക്രമിച്ച് കളിച്ച കോഴിക്കോടിന്റെ വിജയം. മത്സരത്തിലുടനീളം ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞപ്പോള്‍ സൂപ്പര്‍ലീഗിലെ മികച്ച മത്സരങ്ങളില്‍ ഒന്നായി ഫൈനല്‍ മാറി. 15, 71 മിനിറ്റുകളിലായിരുന്നു കാലിക്കറ്റ് എഫ്‌സിയുടെ ഗോളുകള്‍. പതിനഞ്ചാം മിനിറ്റില്‍ തോയ് സിങ്ങും 71-ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടുമാണ് കാലിക്കറ്റിനായി വലകുലുക്കിയത്. കൊച്ചിക്കായി ഡോറിയെല്‍ട്ടന്‍ ആശ്വാസ ഗോള്‍ നേടി. ടൂര്‍ണമെന്റിലുടനീളം നിരവധി ഗോളുകള്‍ കണ്ടെത്തിയ കാലിക്കറ്റ് എഫ്‌സി ഫൈനലിലും ആരാധകരെ നിരാശപ്പെടുത്തിയില്ല.

മത്സരം തുടങ്ങിയതും കൊച്ചിയുടെ ആക്രമണങ്ങളായിരുന്നു കണ്ടത്. പലപ്പോഴും കൊച്ചിയുടെ മുന്നേറ്റ, മധ്യനിര താരങ്ങള്‍ കാലിക്കറ്റിന്റെ ബോക്‌സിലെത്തി പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ അതിവേഗം മത്സരത്തിന്റെ കടിഞ്ഞാന്‍ കോഴിക്കോട് കൈക്കലാക്കുന്നതാണ് കണ്ടത്. കിട്ടിയ അവസരങ്ങളില്‍ കൃത്യമാര്‍ന്ന പാസുകളില്‍ മുന്നേറിക്കൊണ്ടിരിക്കെ പതിനഞ്ചാം മിനിറ്റില്‍ തന്നെ ആദ്യ ഗോളെത്തി. തോയ് സിങ്ങാണ് വല ചലിപ്പിച്ചത്. മധ്യനിരയില്‍ നിന്ന് ലഭിച്ച ഭംഗിയാര്‍ന്ന ത്രൂബോള്‍ സ്വീകരിച്ച് ഇടത്തുവിങ്ങിലൂടെ മുന്നേറിയ ജോണ് കേന്നഡി പന്ത് ബോക്‌സിലേക്ക് നീട്ടി. പന്ത് അനായാസം തട്ടിയിടേണ്ട പണി മാത്രമെ തോയ് സിങിനുണ്ടായിരുന്നുള്ളു.

Read Also: ലോക റെക്കോര്‍ഡ് ജേതാവ് ജാന്‍ സെലെസ്‌നിയെ പരിശീലകനാക്കി നീരജ് ചോപ്ര

ഒരു ഗോള്‍ ലീഡില്‍ നില്‍ക്കവെ കാലിക്കറ്റ് നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. കൊച്ചിയാകട്ടെ കാലിക്കറ്റ് താരങ്ങളുടെ കാലില്‍ പന്ത് കിട്ടാതിരിക്കാന്‍ പൊസഷന്‍ ഗെയിം പുറത്തെടുക്കുകയായിരുന്നു. പന്ത് കൈക്കലാക്കാന്‍ കാലിക്കറ്റ് താരങ്ങള്‍ ശ്രമിച്ചതോടെ കൊച്ചിയുടെ തരങ്ങള്‍ മഞ്ഞകാര്‍ഡുകളും വാങ്ങിക്കൂട്ടി. തിരിച്ചടി ലക്ഷ്യമിട്ടാണ് ഫോഴ്‌സാ കൊച്ചി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ നിരവധി മുന്നേറ്റങ്ങള്‍ നടത്തി. 59-ാം മിനിറ്റില്‍ കൊച്ചി ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കൊച്ചി പന്ത് വിട്ടുകൊടുക്കാതെ കളി മെനഞ്ഞപ്പോള്‍ പതിയെ കാലിക്കറ്റ് പ്രതിരോധത്തിലേക്ക് വലിയുന്നതാണ് കണ്ടത്. മൈതാന മധ്യത്ത് നിറഞ്ഞു കളിച്ച കൊച്ചി താരങ്ങള്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി. എന്നാല്‍ കൗണ്ടര്‍ അറ്റാക്കുകളാല്‍ കൊച്ചിയെ വീണ്ടും വരച്ച വരയില്‍ നിര്‍ത്താന്‍ കാലിക്കറ്റിനായി. ഇതിനിടെ 69-ാം മിനിറ്റില്‍ തന്നെ രണ്ടാം ഗോള്‍ നേടി ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരം കാലിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നാലെയായിരുന്നു വിജയമുറപ്പിച്ച ഗോളെത്തിയത്. കൊച്ചി പെനാല്‍റ്റി ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഇരുന്ന ബെല്‍ഫോര്‍ട്ട് ഉഗ്രന്‍ ഇടം കാല്‍ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. രണ്ട് ഗോളുകളും തിരിച്ചടിച്ച് സമനിലയെങ്കിലും പിടിക്കാനായിരുന്നു കൊച്ചിയുടെ ശ്രമം. ഇതിനുള്ള ഫലമെത്തിയത് 93-ാം മിനിറ്റിലായിരുന്നു. ഡോറിയെല്‍ട്ടനിലൂടെയായിരുന്നു ഗോള്‍ മടക്കല്‍. തുടര്‍ന്ന് ശക്തമായ മുന്നേറ്റങ്ങളിലൂടെ സമനില പിടിക്കാന്‍ ശ്രമിച്ചെങ്കിലും മുന്നേറ്റങ്ങള്‍ കാലിക്കറ്റ് പ്രതിരോധത്തില്‍ തട്ടി മടങ്ങി.

Story Highlights: Calicut FC vs Forca Kochi FC final match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here