സമൂസ വിവാദത്തില്‍ പുകഞ്ഞ് ഹിമാചല്‍ രാഷ്ട്രീയം, ഷിംലയില്‍ യുവ മോര്‍ച്ചയുടെ ‘ സമൂസ മാര്‍ച്ച്’
ഹിമാചല്‍ പ്രദേശിലെ സമൂസ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഷിംലയില്‍ ‘സമൂസ മാര്‍ച്ച്’ സംഘടിപ്പിച്ച് ഭാരതീയ ജനത യുവ മോര്‍ച്ച. മുഖ്യമന്ത്രിക്കായി കരുതിയിരുന്ന സമൂസ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അബദ്ധത്തില്‍ നല്‍കിയതില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. സമൂസ കാണാതായതല്ല, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിലാണ് അന്വേഷണം നടക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മാധ്യമങ്ങള്‍ ഈ വിഷയത്തെ സമൂസ കാണാതായതിനാലെന്ന രീതിയിലേക്ക് മാറ്റിയെന്നും ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും സുഖ്വിന്ദര്‍ പറഞ്ഞു.
ഷിംലയില്‍ നടന്നത് വ്യത്യസ്തമായ പ്രതിഷേധമാണ്. സുഖു ജിയുടെ സമോസ കഴിച്ചതാര് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പരിഹാസം. മുഖ്യമന്ത്രിയുടെ പോസ്റ്ററിന് മുന്നില്‍ സമൂസ നീട്ടി നില്‍ക്കുന്ന പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഒക്ടോബര്‍ 21നാണ് വിവാദ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹിമാചല്‍പ്രദേശ് പൊലീസ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഒരു യോഗം നടക്കുന്നുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കായി മൂന്ന് ബോക്സ് സമൂസകള്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഈ സമൂസകള്‍ മുഖ്യമന്ത്രിക്ക് നല്‍കാനായി നോക്കിയപ്പോള്‍ കാണാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചത്.
മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഇവ വിതരണം ചെയ്തത് എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
Story Highlights : Yuva Morcha staged a ‘Samosa March’ in response to Himachal Pradesh’s ongoing samosa controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here