Advertisement

പൊടിപാറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണം; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം

November 10, 2024
Google News 2 minutes Read

പൊടിപാറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം. അവസാനലാപ്പിലെ പ്രചാരണം ആവേശമാക്കാൻ നേതാക്കളും പ്രവർത്തകരും അരയും തലയും മുറുക്കിയുള്ള ഓട്ടപ്പാച്ചിലിലാണ്. വോട്ടെടുപ്പ് നീട്ടിവെച്ചങ്കിലും രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കാത്ത പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂട് വീണ്ടും ഉയരുകയാണ്.

സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാൽനൂറ്റാണ്ടായി ചേലക്കര. എന്നാൽ ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ട്. അത് പാർട്ടി തിരിച്ചറിഞ്ഞതിൻ്റെ സൂചനയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന മണിക്കൂറിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്. രണ്ടുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് 6 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. എംപി കെ രാധാകൃഷ്ണന്റെ ഉൾവലിയൽ പ്രചാരണ രംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാർട്ടി തടയിട്ടിട്ടുണ്ട്. മുൻ കോൺഗ്രസുകാരൻ ആണ് പി വി അൻവറിന്റെ സ്ഥാനാർഥി എങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഐഎം വോട്ടുകളാണ്.

Read Also: ‘ഞാന്‍ വാ പോയ കോടാലിയെങ്കില്‍ മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങ്’ , മറുപടിയുമായി പി വി അന്‍വര്‍

അതേസമയം ചേലക്കരയിൽ വിജയിച്ചാലേ രാഷ്ട്രീയ വിജയമായി കാണാനാകും എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവും യുഡിഎഫും. പതിവിനു വിപരീതമായി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്. ഈ അവസാന മണിക്കൂറിലും പ്രതിപക്ഷ നേതാവ് മണ്ഡലത്തിൽ സജീവമാണ്. കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടലിലാണ് കോൺഗ്രസ്. തിരുവില്വാമല, പാഞ്ഞാൾ ഉൾപ്പെടെ സ്വാധീനമുള്ള പഞ്ചായത്തുകളിൽ വോട്ട് വർദ്ധിപ്പിച്ച് കരുത്തറിയിക്കാനാണ് ബിജെപിയുടെ ശ്രമം.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് രണ്ടു മണ്ഡലങ്ങളിലും വിവാദ പെരുമഴയായിരുന്നു. വയനാട്ടിൽ അപ്പോൾ തെരഞ്ഞെടുപ്പ് രംഗം പാണ്ടിമേളത്തിലെ പതികാലം പോലെ മന്ദഗതിയിൽ. കഴിഞ്ഞതവണ രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്തിയതിനെക്കാൾ അധികം പ്രിയങ്ക വയനാട്ടിൽ ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിനെ കടന്നാക്രമിക്കുമ്പോഴും സംസ്ഥാന സർക്കാരിനെയോ എൽഡിഎഫിനെയോ കാര്യമായി തൊട്ടില്ല പ്രിയങ്ക.

പ്രിയങ്ക വൈകാരികത വെടിഞ്ഞ് രാഷ്ട്രീയം പറയണമെന്ന് എപ്പോഴും ആവർത്തിച്ചു എൽഡിഎഫ് . പ്രചാരണത്തിൽ ഉടനീളം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടായ സാഹചര്യം വിശദീകരിച്ചായിരുന്നു സ്ഥാനാർത്ഥിയുടെയും മുന്നണിയുടെയും വോട്ട് തേടൽ. വയനാട്ടിൽ ഇന്ത്യ സഖ്യവും എൻഡിഎയും തമ്മിലാണ് മത്സരം എന്ന് ബിജെപി. എൽഡിഎഫ് യുഡിഎഫ് ധാരണയെന്നും സ്ഥാനാർത്ഥി ഉൾപ്പെടെ ആരോപണം ഉന്നയിച്ചു.

Story Highlights : Chelakkara and Wayanad by election Kottikalasam tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here