Advertisement

ആഴക്കടല്‍ വില്‍പ്പനയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് പിന്നിലെ വില്ലന്‍ എന്‍ പ്രശാന്ത്, പിന്നില്‍ ഇരുവരുടേയും ഗൂഢാലോചന; ആഞ്ഞടിച്ച് മേഴ്സിക്കുട്ടിയമ്മ

November 10, 2024
Google News 4 minutes Read
J Mercykutty Amma against N Prashanth IAS

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ തമ്മിലടിയിലെ ചര്‍ച്ച തുടരുന്നതിനിടെ വിവാദത്തിലുള്‍പ്പെട്ട എന്‍ പ്രശാന്ത് ഐഎഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന തരത്തില്‍ താന്‍ മന്ത്രിയായിരുന്ന സമയത്ത് വന്ന ആരോപണത്തിലെ വില്ലന്‍ പ്രശാന്താണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഈ ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലയുടേയും പ്രശാന്തന്റേയും ഗൂഢാലോചനയായിരുന്നു ഇതിന് പിന്നില്‍. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്‍പ്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം. (J Mercykutty Amma against N Prashanth IAS)

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ശ്രീ പ്രശാന്ത് ഐഎഎസ് എല്ലാ സര്‍വീസ് ചട്ടങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ വാര്‍ത്തകള്‍ ആണല്ലോ ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിക്കുന്നതാണ് 2021 ഫെബ്രുവമാസം കണ്ടത്. 21 ഫെബ്രുവരി മാസം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നു. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന്.
വാര്‍ത്ത വിവാദമായി. പത്രപ്രതിനിധികള്‍ എന്നോട് ഫിഷറീസ് മന്ത്രിയെന്ന നിലയില്‍ അഭിപ്രായം ആരാഞ്ഞു. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും തികച്ചും അടിസ്ഥാന രഹിതമാണ് എന്നും ഞാന്‍ മറുപടി നല്‍കി അടുത്ത ദിവസം രമേശ് ചെന്നിത്തല ഒരു അമേരിക്കന്‍ മലയാളിയുമായി 5000 കോടിയുടെ എം ഒ യു ഒപ്പുവെച്ചതിന്റെ രേഖ പുറത്തുവിടുന്നു. ഒരു കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ട്.

Read Also: ഐഎഎസ് തലപ്പത്തെ പോര്: പ്രശാന്തിനെതിരെ നടപടിയുണ്ടായേക്കും; പ്രശാന്തിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി ഉദ്യോഗസ്ഥരും



രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എം ഒ യു വില്‍ ഒപ്പുവച്ചു എന്നാണ്. എന്നാല്‍ എം ഒ യു ഒപ്പു വച്ചിരിക്കുന്നത് Inland നാവിഗേഷന്റെ M.D യായ പ്രശാന്തുമായിട്ടാണ്, ഇപ്പോഴത്തെ വിവാദനായകന്‍.
ഇവിടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നത്, ശ്രീ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ശ്രീ പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്‍പ്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു.
ആഴക്കടല്‍ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ അന്വേഷിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ഗൂഢാലോചന മനസ്സിലാകുന്നത്.വ്യവസായ വകുപ്പ് കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികള്‍ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇല്‍ലന്റ് നാവിഗേഷന്‍ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇ എം സി സി യുമായി എം ഒ യു ഒപ്പ് വെക്കുന്നത്. അതും ആ ഗവണ്‍മെന്റിന്റെ അവസാന ദിവസങ്ങളില്‍.ഇതേ ഇ എം സി സിക്കാരനാണ് കുണ്ടറയില്‍ എനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി. ഈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനു പിന്നില്‍ ദല്ലാള്‍ നന്ദകുമാറും. എന്നിട്ട് തെരഞ്ഞെടുപ്പിന്റെ അന്ന് ഒരു ബോംബ് സ്‌ഫോടന നാടകവും അരങ്ങേറി. എന്തെല്ലാമാണ് കണ്ടത്! ഈ തിരക്കഥയുടെ എല്ലാം ചുക്കാന്‍ പിടിച്ചത് വഞ്ചനയുടെ പര്യായമായ IAS ഉദ്യോഗസ്ഥന്‍ പ്രശാന്തും.
ഫിഷറീസ്ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു ബന്ധവുമില്ലാത്ത,ഫിഷറീസ് വകുപ്പ് അറിയാത്ത ഒരു കാര്യം ഫിഷറീസ് മന്ത്രി ‘കടല്‍ വിറ്റു’, എന്ന് നെറിയില്ലാത്ത ആക്ഷേപം അരങ്ങേറി.
സത്യവുമായി പുലബന്ധം പോലുമില്ലാത്ത രാഷ്ട്രീയമായ ദുഷ്ടലാക്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള നുണപ്രചാരണത്തിന് ഞാന്‍ ക്രൂരമായി വിധേയമായി.
തീരദേശ മത്സ്യത്തൊഴിലാളിക്ക് ഞാന്‍ എന്താണ് അവര്‍ക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അനുഭവത്തിലൂടെ അറിയുന്നതുകൊണ്ട് മത്സ്യത്തൊഴിലാളി ഈ കുപ്രചരണത്തില്‍ വീണില്ല. 97% തീരദേശമണ്ഡലങ്ങളും എല്‍ഡിഎഫ് നേടി എന്നാല്‍ കൊല്ലത്ത് ഈ കല്ലുവെച്ച നുണ ഏറ്റെടുത്തത് കൊല്ലം രൂപത തന്നെയായിരുന്നു. അവര്‍ കൊല്ലം ബിഷപ്പിന്റെ പേരില്‍ ‘ഇടയലേഖനം’ ഇറക്കി.ഈ മേഖലയിലെ സ്ഥാപിത താല്പര്യക്കാരും സംഘപരിവാരും യുഡിഎഫും കൈകോര്‍ത്തു. 15 ശതമാനം വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് 3ശതമാനം മാത്രമാണ് 21 അസംബ്ലി തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ലഭ്യമായത്. എത്ര വലിയ ഗൂഢാലോചന! സത്യം എന്നായാലും പുറത്തുവരുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് ഐഎഎസ് വീണ്ടും വില്ലന്‍ റോളില്‍.
സത്യമേവ ജയതേ.

Story Highlights : J Mercykutty Amma against N Prashanth IAS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here