സ്‌കൂള്‍ കായികമേള: സമാപനത്തിനിടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ കയ്യാങ്കളി
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനത്തിനിടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. പോയിന്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ട് സ്‌കൂളുകളിലെ കുട്ടികള്‍ പ്രതിഷേധിക്കുകയും പൊലീസ് അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയുമായിരുന്നു. പൊലീസ് വിദ്യാര്‍ത്ഥികളേയും കോച്ചിനേയും മര്‍ദിച്ചെന്ന് കുട്ടികള്‍ ആരോപിച്ചു. പൊലീസ് വിദ്യാര്‍ത്ഥികളെ അസഭ്യം പറഞ്ഞെന്നും കുട്ടികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാല്‍ കുട്ടികളെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. (conflict between students and police in school sports festival)
പോയിന്റ് കണക്കുകൂട്ടിയതില്‍ പ്രശ്‌നമുണ്ടെന്നും കപ്പ് തരാതെ ഇവിടെ നിന്ന് പിരിഞ്ഞുപോകില്ലെന്നും രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിലപാടെടുക്കുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി ഇവര്‍ സമാപന സമ്മേളനസ്ഥലത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തി. കിരീടം നല്‍കുന്നതില്‍ സ്‌പോര്‍ട്ട്‌സ് സ്‌കൂളുകളെ പരിഗണിച്ചതിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളും തിരുനാവായ നാവാമുകുന്ദ സ്‌കൂളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മികച്ച സ്‌കൂളുകളുടെ പട്ടിയകയില്‍ ജിവി രാജയെ പരിഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് സ്‌കൂളുകളുടേയും അധികൃതര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടികളെ ഉള്‍പ്പെടെ പൊലീസ് പിടിച്ചുതള്ളിയെന്നും കുട്ടികള്‍ ആരോപണം ഉന്നയിച്ചു.
Story Highlights : conflict between students and police in school sports festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here