Advertisement

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ‘സ്റ്റെപ് അപ്പ് ‘ ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു

November 11, 2024
Google News 4 minutes Read
Riyadh KMCC Central Committee organized Step Up Leaders Camp

‘പ്രവാസത്തിന്റെ കരുതലാവുക, സംഘശക്തിക്ക് കരുത്താവുക’ എന്ന ശീര്‍ഷകത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരുന്ന ‘സ്റ്റെപ് ‘ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ‘സ്റ്റെപ് അപ്പ് ‘ ലീഡേഴ്‌സ് ക്യാമ്പ് സമാപിച്ചു. റിയാദ് മലാസില്‍ നടന്ന ക്യാമ്പിന്റെ ആദ്യ സമ്മേളനം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ‘സ്വത്വ രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രികയുടെ മുന്‍ പത്രാധിപരുമായ സി പി സൈതലവി പ്രഭാഷണം നടത്തി. (Riyadh KMCC Central Committee organized Step Up Leaders Camp)

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ മുന്നേറ്റത്തിന് ജനാധിപത്യപരമായ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്നും പുതിയ കാലത്തെ എല്ലാ വെല്ലുവിളികളെയും അതിജയിച്ച് മുസ്ലിം സമൂഹത്തിന് മുന്നോട്ട് പോകുവാന്‍ സാധ്യമാകണമെങ്കില്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും എല്ലാവര്‍ക്കും കഴിയണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘബോധവും ഐക്യവും സഹകരണ മനോഭാവവും പക്വമായ സാമുദായിക നേതൃത്വവും ഉണ്ടായാല്‍ മാത്രമാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം സമൂഹത്തിന് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുവാന്‍ സാധ്യമാവുകയുള്ളു. അത്തരം പ്രായോഗികവും ഗുണകരവുമായ ചിന്ത കേരളീയ മുസ്ലിം സമൂഹത്തിനിടയില്‍ ഉണ്ടായത് കൊണ്ട് ധാരാളം നേട്ടങ്ങളുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാര പങ്കാളിത്തം സാധ്യതകളാക്കി വിദ്യാഭ്യാസ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുവാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞത് ശ്രദ്ധേയമാണ്. ഇച്ചാശക്തിയും നല്ല കാഴ്ചപ്പാടുമുള്ള നേതൃത്വം കേരളീയ മുസ്ലിംങ്ങള്‍ക്കുണ്ടെന്നും ഭിന്നിപ്പ് സൃഷ്ടിക്കുവാന്‍ ശ്രമിച്ചവരെ പ്രതിരോധിക്കുവാനുള്ള ബോധം സമുദായം കൈവരിച്ചിട്ടുണ്ടെന്നും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ആദ്യ സെഷനില്‍ സ്വാഗതം പറഞ്ഞു.

Read Also: ഐഎഎസ് തലപ്പത്തെ ചേരിപ്പോരും, മതാടിസ്ഥാനത്തിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും; എന്‍ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

രണ്ടാം സെഷനില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ ‘ സത്യാനന്തര കാലത്തെ മുസ്ലിം ലീഗ് രാഷ്ട്രീയം ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

പുതിയ കാലത്ത് യാഥാര്‍ഥ്യങ്ങളെയും വസ്തുതകളെയും മറച്ചു വെച്ച് നിര്‍മ്മിച്ചെടുക്കുന്ന പൊതുബോധം വലിയ ആശങ്ക ജനിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് നേടിയ വിജയം സത്യാനന്തര കാലത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് നജ്മ അഭിപ്രായപ്പെട്ടു. വിദേശ മാധ്യമങ്ങള്‍ മെനെഞ്ഞെടുക്കുന്ന കള്ളക്കഥകള്‍ വിശ്വസിക്കുന്ന ഗുരുതര സാഹചര്യം നമ്മള്‍ മനസ്സിലാക്കണം. കേരളത്തില്‍ സമീപ കാലങ്ങളിലായി അധികാരം നിലനിര്‍ത്തുവാന്‍ സി പി എം കളിക്കുന്ന രാഷ്ട്രീയം തികഞ്ഞ വര്‍ഗീയമായി മാറുന്നുണ്ട്. വടകര പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുവാന്‍ മുസ്ലിം ലീഗ് നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നുവെന്നും നജ്മ കൂട്ടിച്ചേര്‍ത്തു. രണ്ടാം സെഷനില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് സ്വാഗതവും അബ്ദുറഹ്‌മാന്‍ ഫറൂഖ് നന്ദിയും പറഞ്ഞു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ ഫിറോസ് ബാബു നയിച്ച ‘സര്‍വിദേ ഖയാല്‍ ‘ എന്നപേരില്‍ സംഘടിപ്പിച്ച മെഹ്ഫില്‍ ഏറെ ഹൃദ്യമായിരുന്നു. സമാപന സെഷനില്‍ അഡ്വ. അനീര്‍ ബാബു നന്ദി പറഞ്ഞു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം യഥാക്രമം പ്രസിഡന്റ് സി പി മുസ്തഫ സി പി സൈതലവിക്കും ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം അഡ്വ. നജ്മ തബ്ഷീറക്കും ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഫിറോസ് ബാബുവിനും കൈമാറി. പ്രഭാഷണങ്ങള്‍ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ നേതൃത്വം നല്‍കി.
മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത റിയാദിലെ വിവിധ കെഎംസിസി ഘടകങ്ങളായ ജില്ല, നിയോജക മണ്ഡലം, ഏരിയ, മുന്‍സിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളുടെ ഭാരവാഹികളായ അറുനൂറ് പേരാണ് ക്യാമ്പില്‍ സംബന്ധിച്ചത്. സംഘാടന മികവ് കൊണ്ട് ശ്രദ്ധ നേടിയ ക്യാമ്പ് റിയാദിലെ കെഎംസിസിയുടെ സംഘ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി ഒന്‍പത് മണിക്കാണ് അവസാനിച്ചത്. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മല്‍,അഷ്റഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പില്‍, പി സി അലി വയനാട്, നജീബ് നല്ലാംങ്കണ്ടി, ഷമീര്‍ പറമ്പത്ത്, നാസര്‍ മാങ്കാവ്, ഷംസു പെരുമ്പട്ട, പി സി മജീദ്, കബീര്‍ വൈലത്തൂര്‍, കെഎംസിസി നാഷണല്‍ കമ്മിറ്റി കായിക വേദി കണ്‍വീനര്‍ മൊയ്തീന്‍ കുട്ടി പൊന്മള, വിവിധ ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീര്‍ മുഹമ്മദ് തിരൂര്‍, സുഹൈല്‍ കൊടുവള്ളി, ജാഫര്‍ പുത്തൂര്‍മടം, അന്‍വര്‍ വാരം, മുഖ്താര്‍ പി ടി പി, മുസ്തഫ പൊന്നംകോട്, ഇബ്രാഹിം ബാദുഷ, ഷാഫി സെഞ്ച്വറി, അഷ്റഫ് മേപ്പീരി, ഷറഫു കുമ്പളാട്, അസീസ് നെല്ലിയാമ്പത്ത്,മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, ഹിജാസ് തൃശൂര്‍, കരീം കാനാമ്പുറം, മുജീബ് മൂവാറ്റുപുഴ, അന്‍സര്‍ വെള്ളക്കടവ് വനിത കെഎംസിസി പ്രസിഡന്റ് റഹ്‌മത്ത് അഷ്റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ ഹസ്ബിന നാസര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Story Highlights : Riyadh KMCC Central Committee organized Step Up Leaders Camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here