Advertisement

‘പ്രതിപക്ഷം അന്ന് എതിർത്തു, പഠനം നടത്താൻ പോലും സമ്മതിച്ചില്ല’; സീപ്ലെയിൻ പദ്ധതി ആശയം മുന്നോട്ട് വെച്ചത് താനെന്ന് മന്ത്രി വി എൻ വാസവൻ

November 12, 2024
Google News 2 minutes Read

സീപ്ലെയിൻ പദ്ധതിയിൽ അവകാശവാദവുമായി മന്ത്രി വി എൻ വാസവൻ. സീ പ്ലെയിൻ പദ്ധതിയെന്ന ആശയം മുന്നോട്ട് വെച്ചത് താനാണെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നു. 2010 ൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കൊണ്ടുവന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പരിശോധന നടത്തുകയും പഠനം നടത്തുകയും ചെയ്തുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അന്നത്തെ ടൂറിസം മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ പദ്ധതിക്കായി പ്രത്യേക താൽപര്യം കാട്ടിയെന്നും നിയമസഭയിൽ ജീ കാർത്തികേയൻ പദ്ധതിയെ എതിർത്തുവെന്നും മന്ത്രി പറയുന്നു. പദ്ധതിക്കെതിരെ പ്രതിപക്ഷം വച്ചത് ഓർക്കുന്നുവെന്ന് വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. സീപ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ ചാരിതാർത്ഥ്യം എന്ന് വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. കാലങ്ങൾ മുൻപ് മുന്നോട്ടുവച്ച ആശയം സ്വപ്‌നതുല്ല്യമായ പൂർണ്ണതയിലേക്ക് നീങ്ങുമ്പോൾ അതിനുവേണ്ടി പഠനങ്ങളുടെ ചുക്കാൻ പിടിക്കാൻ കഴിഞ്ഞതും ആത്മസംതൃപ്തി നൽകുന്നുവെന്ന് മന്ത്രി പറയുന്നു.

Read Also: ഡ്രൈവിംഗ് ഗ്രൗണ്ടുകൾ ഇനി അടിമുടി മാറും; പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ ഗതാഗത വകുപ്പ്

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ വികസനസ്വപ്‌നങ്ങൾക്ക് പുതിയമാനങ്ങൾ നൽകി സീ പ്ലെയിൻ പറന്നുയർന്നത് പൊതുപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഏറെ ചാരിതാർത്ഥ്യം നൽകിയ നിമിഷമാണ്. 14 വർഷങ്ങൾക്ക് മുൻപ് കോട്ടയം എം എൽ എ ആയിരുന്ന സമയത്ത് കേരളനിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയമായി കൊണ്ടുവന്ന ആശയമാണ് ഇന്ന് പൂർണ്ണതയിൽ എത്തിയിരിക്കുന്നത്.

2010 മാർച്ച് 9 നായിരുന്നു ടൂറിസം മേഖലയുടെ വികസനത്തിനായി സീ പ്ലെയിൻ എന്ന ആശയം സഭയിൽ അവതരിപ്പിക്കുന്നത്. വേഗതയാർന്ന ഗതാഗതസൗകര്യങ്ങളുടെ അഭാവം ഇന്ന് ടൂറിസം മേഖല നേരിടുന്ന ഗൗരവമേറിയ ഒരു പ്രശ്നമാണ്. ടൂറിസം രംഗം അതിവേഗം പുരോഗതിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടേയും അടുത്ത് ജലാശയങ്ങൾ ലഭ്യമായതിനാൽ ഇവ ഉപയോഗപ്പെടുത്തി വിമാനസർവ്വീസുകൾ ആരംഭിക്കുവാൻ കഴിയുന്നതാണ്. പ്രധാനമായും അതിനു വേണ്ടിവരുന്നത് നൂറ് മീറ്റർ ദൈർഘ്യമുള്ള ജലപ്പരപ്പും രണ്ടര മീറ്റർ ആഴമുള്ള ജലാശയങ്ങളുമാണ്. ഈ സാധ്യത ഉപയോഗപ്പെടുത്തി കേരളത്തിന്റെ ടൂറിസം മേഖലയുടെ വളർച്ച ശക്തിപ്പെടുത്തണം എന്നായിരുന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

അന്ന് പ്രതിപക്ഷത്തു നിന്ന് സംസാരിച്ച ശ്രീ ജി. കാർത്തികേയൻ ഈ ആശയത്തെ എതിർത്തു സംസാരിച്ചതും, പ്രതിപക്ഷം സഭയിൽ ബഹളം വച്ചതും ഈ നിമിഷത്തിൽ ഞാൻ ഓർമ്മിക്കുന്നു. കേരളത്തിന്റെ പരിസ്ഥിതിക്ക് അനുസരിച്ചാണോ ഈ പദ്ധതി എന്ന് സാധ്യത പഠനം നടത്താൻ പോലും അന്നവർ സമ്മതിച്ചിരുന്നില്ല.

പക്ഷേ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ നിർദ്ദിഷ്ട പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും സീ പ്ലെയിൻ/ഹൈഡ്രോ പ്ലെയിൻ ടാക്‌സി സർവ്വീസ് നടത്തുന്നതിനെപ്പറ്റിയും സാധ്യത പഠനം നടത്താമെന്ന നിലപാട് സ്വീകരിച്ചു. തുടർന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങളിലേക്ക് സർക്കാർ നീങ്ങുകയും ചെയ്തു.

ജലവിമാനം പറന്ന് ഉയരുന്നതിനുവേണ്ട ആധികാരികമായ സർവ്വേകൾ നടത്തിയത് തുറമുഖവകുപ്പിന്റെ കീഴിലുള്ള കേരള ഹൈഡ്രോഗ്രാഫിക്ക് സർവ്വേ വിങ്ങാണ്. ബോൾഗാട്ടിയിൽ മെറീന സ്ട്രിപ്പിൽ (ലാൻഡിംഗ് ഏരിയ) ആഴവും അടിത്തട്ടിൽ ഒരു അപകടവസ്തുക്കളും ഇല്ലാ എന്ന് ക്യാപ്റ്റന് മനസ്സിലാകുന്ന ഹൈഡ്രോഗ്രാഫിക് ചാർട്ട് 5 ദിവസം മുൻപ് തന്നെ സർവ്വേ ടീം തയാറാക്കി നൽകി. ക്യാപ്റ്റൻ അത് മനസ്സിലാക്കി 4 തവണയാണ് കേരളത്തിന് വേണ്ടി അനായാസം താഴ്ന്ന് സല്യൂട്ട് ചെയ്തു ലാൻഡ് ചെയ്തത്.

അതുപോലെ മാട്ടുപ്പെട്ടി ഡാമിലും 4 ദിവസം മുൻപ് തന്നെ സർവ്വേ നടത്തി ഡിജിറ്റൽ ചാർട്ട് നൽകി. ഇതേ രീതിയിൽ കേരളത്തിലെ എല്ലാ പ്രധാന ജലാശയങ്ങളുടെയും പഠനത്തിലേക്ക് ഹൈഡ്രോഗ്രാഫിക് വിങ്ങ് കടന്നിരിക്കുകയാണ്. കാലങ്ങൾ മുൻപ് മുന്നോട്ടുവച്ച ആശയം സ്വപ്‌നതുല്ല്യമായ പൂർണ്ണതയിലേക്ക് നീങ്ങുമ്പോൾ അതിനുവേണ്ടി പഠനങ്ങളുടെ ചുക്കാൻ പിടിക്കാൻ കഴിഞ്ഞതും ആത്മസംതൃപ്തി നൽകുന്നു.

Story Highlights : Minister VN Vasavan said that he is the behind idea of ​Seaplane project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here