‘ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? വിശ്വാമില്ലെങ്കിൽ എന്തിന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു?’ മന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

ദേവസ്വം മന്ത്രി വിഎൻ വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ മകര വിളക്ക് ദിനത്തിൽ അയ്യപ്പന് മുന്നിൽ ദേവസ്വം മന്ത്രി കൈ കൂപ്പാതെ നിന്നതിനെതിരെയാണ് സുരേന്ദ്രന്റെ വിമർശനം. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയ്യാറാവാത്ത വാസവൻ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി വിഎൻ വാസവൻ അയ്യപ്പഭക്തരെ അപമാനിച്ചെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സന്നിധാനത്തിന് മുന്നിൽ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ഒരു വിശ്വാസവുമില്ലെങ്കിൽ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും ആ വകുപ്പ് വല്ല കടന്നപ്പള്ളിക്കോ ഗണേഷ്കുമാറിനോ നൽകിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
മിസ്റ്റർ വാസവൻ മന്ത്രീ, അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയ്യാറാവാത്ത താങ്കൾ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ല. കോടിക്കണക്കിന് അയ്യപ്പഭക്തരെയാണ് താങ്കൾ അപമാനിച്ചിരിക്കുന്നത്.
ദിവസങ്ങൾ നീണ്ട വ്രതാനുഷ്ഠാനത്തിനു ശേഷം ലക്ഷക്കണക്കിന് അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കാൻ ശബരിമലയിൽ തടിച്ചുകൂടിയപ്പോൾ നിങ്ങൾ ഒരു മണിക്കൂറിലേറെ അവരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സന്നിധാനത്തിന് മുന്നിൽ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? താങ്കളുടെ ശ്രദ്ധ ഭക്തരുടെ ദർശന സൗകര്യത്തെപ്പറ്റിയോ അമ്പലത്തിലെ ചടങ്ങുകളെപ്പറ്റിയോ ആയിരുന്നില്ല എന്ന് ആ നിൽപ്പ് കണ്ട കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകും. ഒരു വിശ്വാസവുമില്ലെങ്കിൽ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്? ആ വകുപ്പ് വല്ല കടന്നപ്പള്ളിക്കോ ഗണേഷ്കുമാറിനോ നൽകിക്കൂടെ?
Story Highlights : K Surendran against Mininster V. N. Vasavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here