നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം, ദുരൂഹതകള്‍ ബാക്കി, അന്വേഷണം ഇഴയുന്നുവെന്നും പരാതി
കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം നവീന്‍ ബാബുവിന്റെ മരണം. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പി പി ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് കെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു മാസം. കേസ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തെങ്കിലും ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. അന്വേഷണം ഇഴയുന്നുവെന്നും പരാതിയുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 14-നാണ് കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന എ ഡി എം നവീന്‍ ബാബുവിന്റെ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ വിവാദ പ്രസംഗം നടത്തിയത്. പിന്നാലെ ഒക്ടോബര്‍ 15 -ന് രാവിലെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
പിന്നാലെ, പി പി ദിവ്യക്ക് എതിരെ ജനരോക്ഷമിരമ്പി. ദിവ്യയെ തള്ളി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം രംഗത്തെത്തി. പി പി ദിവ്യക്ക് എതിരെ ഉടന്‍ നടപടിവേണ്ടെന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിലപാട് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി.
നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും ദിവ്യയെ മാറ്റി. എന്നാല്‍, ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസ് ആദ്യം തയാറായില്ല. പി പി ദിവ്യ ഒളിവില്‍ പോയി. കളക്ടര്‍ ക്ഷണിച്ചതിനാലാണ് താന്‍ എത്തിയതെന്ന് ജാമ്യാപേക്ഷയില്‍ ദിവ്യ വ്യക്തമാക്കി. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിവ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കണമെന്ന് ദിവ്യ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യക്തമായി.
പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പിപി ദിവ്യ ജാമ്യത്തിലാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അന്വേഷണം തൃപ്തകരമല്ലെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ നീക്കം.
Story Highlights : A month after Naveen Babu’s demise, mysteries remain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here