പാലക്കാട്ടെ വ്യാജവോട്ട്; പ്രതിപക്ഷ നേതാവിൻ്റെ സ്റ്റഡി ക്ലാസിൽ നിന്നാണ് ഇതൊക്കെ പഠിക്കുന്നത്, ഇ എൻ സുരേഷ് ബാബു

ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ വ്യാജ വോട്ടാണ് പാലക്കാട്ടെ പ്രധാന ചർച്ചാവിഷയം. മണ്ഡലത്തിൽ 2700 വ്യാജ വോട്ട് ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞത് അതീവ ഗുരുതരമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു വ്യക്തമാക്കി. വ്യാജ വോട്ടിനെപറ്റി അന്വേഷിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സിപിഐഎം
സ്വാഗതം ചെയ്തു. എന്നാൽ അന്വേഷണം പ്രഹസനം ആകാൻ പാടില്ലെന്നാണ് സിപിഐഎമ്മിനിന്റെ നിലപാട്. നടപടി ഉണ്ടായില്ലെങ്കിൽ പ്രചാരണം സമാപിക്കുന്ന ദിവസം ശക്തമായ സമരത്തിലേക്ക് പോകാനാണ് തീരുമാനമെന്നും ഇഎൻ സുരേഷ് ബാബു വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. കോൺഗ്രസ് – ബിജെപി നേതൃത്വത്തിൻ്റെ അറിവോടെയാണ് ഇത് നടന്നിട്ടുള്ളത്. കോൺഗ്രസും ബിജെപിയും തൃശൂർ മാതൃകയാകുകയാണ്. വ്യാജ വോട്ടിന് പിന്നിൽ പ്രതിപക്ഷ നേതാവും ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലുമാണ്. പ്രതിപക്ഷ നേതാവിൻ്റെ സ്റ്റഡി ക്ലാസിൽ നിന്നാണ് ഇതൊക്കെ പഠിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ് വ്യാജ വോട്ട് ചേർത്തത്. യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് സംഘം പാലക്കാട് തമ്പടിച്ചിരിക്കുകയാണെന്നും ഈ അധാർമിക രീതികൾ ഒന്നും പാലക്കാടിന് പരിചയമുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
അതേസമയം, എല്ലാ കോണുകളിൽ നിന്നും ആരോപണം വന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കളക്ടർ നിർബന്ധിതമായത്. അന്വേഷണത്തിന്റെ ഭാഗമായി BLO മാരിൽ നിന്ന് വിശദീകരണം തേടി. ഇരട്ട വോട്ട്, വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ കരുതൽ നടപടി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശമുണ്ട്. ബിജെപി ജില്ലാ പ്രസിഡൻറ് ഹരിദാസിന് പട്ടാമ്പിയിലും പാലക്കാട്ടും വോട്ടുണ്ടെന്ന് കോൺഗ്രസ് ആരോപണം എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ സമ്മതിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി. സരിന് പാലക്കാട് വോട്ട് ഉള്ളത് യുഡിഎഫും ബിജെപിയും പ്രചരണ വിഷയമാക്കുന്നുണ്ട്. എന്നാൽ സരിൻ്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള വീട്ടിലാണ് വോട്ട് ചേർത്തിരിക്കുന്നത് എന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.
Story Highlights : EN Suresh babu reacting Fake vote in Palakkad by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here