കെ മുരളീധരന്റെ ‘ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളെ’; പോസ്റ്റിൽ ട്രോളി സോഷ്യൽ മീഡിയ
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയാകുകയാണ് കെ മുരളീധരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്.പ്രേംനസീര്‍ അഭിനയിച്ച സിനിമയിലെ ഒരു ഗാനത്തിന്റെ ഭാഗമാണ് പോസ്റ്റിന്റെ ഉള്ളടക്കം. ‘പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം.ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ’… എന്ന പാട്ടിന്റെ തന്നെ വരികൾ ക്യാപ്‌ഷനാക്കിയാണ് മുരളീധരൻ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
എന്നാൽ തനിക്ക് ഇഷ്ട്ടപെട്ട ഒരു പഴയഗാനം അടുത്തകാലത്ത് കേട്ടപ്പോൾ അത് ഫേസ്ബുക്കിൽ ഇട്ടതാണ്. അതിന് ഇപ്പോഴത്തെ രാഷ്ട്രീയമായി ഒരു ബന്ധവും ഇല്ലെന്നാണ് മുരളീധരന്റെ വാദം. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് പ്രതികരിക്കുന്നത്. ‘മുരളിയേട്ടാ’ എന്ന് വിളിച്ചുകൊണ്ട് ഡി വൈ എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉള്‍പ്പെടെയുള്ളവരാണ് പോസ്റ്റിനോട് പ്രതികരിക്കുന്നത്. നൈസ് സോങ് എന്ന കമന്റുമായി തൊട്ട് പിന്നാലെ വി കെ സനോജും എത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ചുള്ളതാണ് കെ മുരളീധരന്റെ പോസ്റ്റെന്നും പ്രതികരണമുണ്ട്.
Read Also: സന്ദീപ് വാര്യർക്ക് വിശാലമായി മുന്നോട്ട് പോകാം, ഇനി കോൺഗ്രസിന് നല്ല കാലം; പികെ കുഞ്ഞാലിക്കുട്ടി
‘വെറുതെ അല്ല കോൺഗ്രസ് നന്നാവാത്തെ തൊഴുത്തിൽ കുത്ത് എന്ന് തീരുന്നോ അന്നെ നന്നാവൂ കോൺഗ്രസ് ‘, അധികാരം കിട്ടാതെ പോയതിന്റെ വിഷമമാണ് കെ. മുരളീധരന്‍ പ്രകടിപ്പിക്കുന്നതാണ് എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയിൽ പോസ്റ്റിന് താഴെയുള്ള കമന്റുകൾ.
അതേസമയം, എല്ലാക്കാലത്തും സ്‌നേഹത്തിന്റെ കടയില്‍ ഉണ്ടാകണം, അടുത്ത അസംബ്ലി ഇലക്ഷൻ സമയത്ത് വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുതെന്നുമായിരുന്നു കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് കെ മുരളീധരൻ നൽകിയ ഉപദേശം.
രണ്ടാഴ്ച മുമ്പ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റ് തിരുത്താമായിരുന്നുവെന്നും വയനാട് പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് പോകാമായിരുന്നുവെന്നും കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയെ ചികിത്സയ്ക്കു വേണ്ടി കോട്ടക്കലില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ കോട്ടക്കലല്ല, കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്നുമുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശം മുരളീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സന്ദീപ് പണ്ട് പറഞ്ഞ പല കാര്യങ്ങളും ബിജെപിക്ക് വേണ്ടി പറഞ്ഞതാണ്. ഇനി അതൊക്കെ കഴിഞ്ഞ കാര്യമാണ്. ഞങ്ങളോടൊപ്പം നിന്ന പല നേതാക്കന്മാരും ബിജെപിയിലേക്ക് പോയല്ലോ അപ്പോ അവിടുന്ന് ഒരാൾ ഇങ്ങോട്ട് വരുമ്പോൾ അവരുടെ പഴയകാല ചരിത്രത്തെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലായെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Story Highlights : K Muraleedharan facebook post Trolls in social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here