Advertisement

ബിജെപി ”വാട്ട്‌സ്ആപ്പ് പ്രമുഖിനെ” നിയമിച്ചു, ആദ്യ നിയമനം മധ്യപ്രദേശില്‍

November 17, 2024
Google News 2 minutes Read

മധ്യപ്രദേശിൻ്റെ തലസ്ഥാനമായ ഭോപ്പാലിൽ ബിജെപി തങ്ങളുടെ ആദ്യത്തെ “വാട്ട്‌സ്ആപ്പ് പ്രമുഖിനെ” നിയമിച്ചു. എംഎസ്‌സി ബിരുദധാരിയായ രാംകുമാർ ചൗരസ്യയെ ജനങ്ങളുമായി ബന്ധപ്പെടാനും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാനും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ എൻഡി ടിവി യാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

പുതിയ മാറ്റം അനുസരിച്ച് ബൂത്ത് പ്രസിഡന്റ്, മന്‍ കീ ബാത്ത് പ്രമുഖ്, വാട്‌സാപ്പ് പ്രമുഖ് എന്നിവരടക്കം 12 അംഗങ്ങളാണ് ഒരു ബൂത്ത് കമ്മിറ്റിയിലുണ്ടാവുക. ഇതില്‍ മൂന്ന് അംഗങ്ങള്‍ വനിതകളായിരിക്കും. ഇത്തരത്തില്‍ ആയിരത്തിലേറെ വാട്‌സാപ്പ് പ്രമുഖുകളെയും മന്‍കീ ബാത്ത് പ്രമുഖുകളെയും ബൂത്ത് കമ്മിറ്റികളില്‍ നിയമിക്കുകയെന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം.

ബി.ജെ.പി.യുടെ ബൂത്ത് കമ്മിറ്റികളുടെ ഘടനയില്‍വരുത്തിയ മാറ്റങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ‘വാട്‌സാപ്പ് പ്രമുഖ്’ പദവിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ആദ്യത്തെ നിയമനമാണ് രാംകുമാര്‍ ചൗരസ്യയുടേത്.വാട്‌സാപ്പ് വഴി ജനങ്ങളുമായി ബന്ധപ്പെടുകയും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് വാട്‌സാപ്പ് പ്രമുഖിന്റെ ജോലി.

സംസ്ഥാനത്തെ ഓരോ ബൂത്ത് കമ്മിറ്റികളിലും ഇത്തരം പദവികളില്‍ ആളെ നിയമിക്കും. നവംബര്‍ 20-നകം മധ്യപ്രദേശിലെ 65,015 ബൂത്തുകളെ ബന്ധപ്പെടുത്തിയുള്ള ഒരു ഡിജിറ്റല്‍ ശൃംഖല സ്ഥാപിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന സംസ്ഥാന ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ബൂത്ത് തലത്തിലെ ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ണമായി ഡിജിറ്റലാക്കാന്‍ സംഘടനാതലത്തില്‍ ഒരു മൊബൈല്‍ ആപ്പും ബി.ജെ.പി. തയ്യാറാക്കിയിട്ടുണ്ട്. ബൂത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് ശേഷം അവരുടെ വിവരങ്ങള്‍ ഈ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യണം. ഇതിന് ഒ.ടി.പി. വെരിഫിക്കേഷനുമുണ്ട്. തുടര്‍ന്ന് പാര്‍ട്ടിയുടെ പോര്‍ട്ടലിലും ഈ വിവരങ്ങള്‍ അപ്‌ഡേറ്റാകും.

സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി പേരിലെത്തിക്കാനും സാധാരണക്കാരായ ജനങ്ങളെ വാട്‌സാപ്പ് വഴി ബന്ധപ്പെടാനുമാണ് ഈ ഉത്തരവാദിതം പാര്‍ട്ടി ഏല്‍പ്പിച്ചതെന്നായിരുന്നു ആദ്യ വാട്‌സാപ്പ് പ്രമുഖായി തിരഞ്ഞെടുക്കപ്പെട്ട രാംകുമാര്‍ ചൗരസ്യയുടെ പ്രതികരണം. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ പരീക്ഷണമാണിതെന്നും ഉടന്‍തന്നെ സംസ്ഥാന വ്യാപകമായി ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : bjp appoints whatsapp pramukh in madhya pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here