‘സന്ദീപ് വാര്യര്‍ക്ക് ഇപ്പോഴെങ്കിലും ഭരണഘടനയെ ഓര്‍ക്കാന്‍ സമയം കിട്ടിയല്ലോ’ : സന്ദീപ് – മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂടിക്കാഴ്ചയില്‍ എന്‍എന്‍ കൃഷ്ണദാസ്
സന്ദീപ് വാര്യര്‍ – മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. കണ്ടോട്ടെ, അതിനിപ്പോള്‍ എന്താ എന്നും ആര്‍ക്കും ആരെയും കാണാമല്ലോ എന്നുമായിരുന്നു പ്രതികരണം. സന്ദീപ് വാര്യര്‍ക്ക് ഇപ്പോഴെങ്കിലും ഭരണഘടനയെ ഓര്‍ക്കാന്‍ സമയം കിട്ടിയല്ലോ എന്നും അദ്ദേഹം ചോദിച്ചു. അവരാരും ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ചിട്ടില്ല. ഭരണഘടനയെ എതിര്‍ത്ത് വോട്ട് ചെയ്തവരാണ് അവര്‍ – അദ്ദേഹം വ്യക്തമാക്തമാക്കി.
ഈ ഉപതെരഞ്ഞെടുപ്പ് ഫലം പാലക്കാട് മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റമാണുണ്ടാക്കുകയെന്ന് എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പലപ്പോഴും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളായിരുന്നു. മൂന്നാം തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരുമെന്നതിന്റെ ഉറപ്പ് ഈ ഉപതെരഞ്ഞെടുപ്പോടുകൂടി കേരളത്തിലുണ്ടാകും. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായ വലിയ മുന്നേറ്റം ഈ ദിവസങ്ങളില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ട്. ചരിത്ര വിജയം ഇവിടെ നേടും – കൃഷ്ണദാസ് വ്യക്തമാക്കി. പാണക്കാട് തങ്ങളെയല്ല പാര്‍ട്ടി വിമര്‍ശിച്ചതെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെയാണ് വിവമര്‍ശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ മലപ്പുറം കഴിശ്ശേരിയിലെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കണ്ടത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. തങ്ങളോട് അങ്ങേയറ്റത്തെ ആദരമാണുള്ളതെന്നും അദ്ദേഹത്തപ്പോലൊരു വലിയ മനുഷ്യനെ കാണാന്‍ ഏറെക്കാലമായി ആഗ്രഹിക്കുകയാണെന്നും ഇപ്പോഴാണ് സാഹചര്യം ഒത്തു വന്നതെന്നും സന്ദീപ് പറഞ്ഞു. കാണാനും അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തുന്നതാണെന്നും ആ ഒരു ആദരവ് കൂടിയാണ് അര്‍പ്പിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹം മുന്നോട്ടുള്ള പ്രയാണത്തില്‍ ആവശ്യമുണ്ടെന്നും പറഞ്ഞു.
Story Highlights : NN Krishnadas about Sandeep Varier – Muhammad Gifry Muthukoya Thangal meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here