അദാനിക്ക് ക്ഷീണകാലം: അമേരിക്കയിലെ കേസിന് പിന്നാലെ കെനിയയിൽ കോടികളുടെ നഷ്ടം: സുപ്രധാന പദ്ധതികൾ റദ്ദാക്കി

ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾക്ക് സർക്കാരിൽ നിന്ന് പദ്ധതികൾ ലഭിക്കുന്നതിനായി 2029 കോടി രൂപ കൈക്കൂലി നൽകിയെന്നും, ഇത് കാട്ടി അമേരിക്കക്കാരെ കബളിപ്പിച്ച് നിക്ഷേപം തട്ടിയെന്നുമുള്ള ഗുരുതര കുറ്റം ആരോപിക്കപ്പെട്ട അദാനി ഗ്രൂപ്പ് തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവുമൊടുവിൽ കെനിയയിൽ നിന്നാണ് അദാനിക്കും ബിസിനസ് സാമ്രാജ്യത്തിനും വലിയ തിരിച്ചടിയേറ്റത്. ഇവിടെ വമ്പൻ നിക്ഷേപം ആവശ്യമായി വരുന്ന രണ്ട് പദ്ധതികളുടെ കരാറിൽ നിന്ന് കെനിയ സർക്കാർ പിന്‍മാറി.
കെനിയയിൽ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനലിന്റെ നിർമ്മാണവും 30 വർഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് നൽകാനുള്ളതായിരുന്നു ആദ്യത്തെ പദ്ധതി. രാജ്യത്ത് മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാറായിരുന്നു മറ്റൊന്ന്. പദ്ധതിയുടെ ചെലവ്, നിർമാണം, പ്രവർത്തന നിയന്ത്രണം എന്നിവയ്ക്കുള്ള കരാറാണ് അദാനി എനർജി സൊല്യൂഷൻസും കെനിയ സർക്കാരും തമ്മിൽ ഒപ്പുവെച്ചത്. 30 വർഷത്തേക്കായിരുന്നു കരാർ. ഇവ രണ്ടുമാണ് റദ്ദാക്കിയത്.
ഈ രണ്ട് പദ്ധതികളിലും ക്രമക്കേട് ആരോപിച്ച് കെനിയയിൽ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം തുടർന്നുവന്നിരുന്നു. ഇതിനിടയിലാണ് അമേരിക്കയിൽ പുതിയ കുറ്റപത്രം വന്നത്. ഇത് കൂടി ആയതോടെ കെനിയയിലെ വില്യം റൂട്ടോ സർക്കാർ കൂടുതൽ വിവാദങ്ങൾക്കില്ലെന്ന് വ്യക്തമാക്കി പിന്‍മാറുകയായിരുന്നു. രാജ്യത്ത് ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുന്നതുമായ പദ്ധതികളായാണ് അദാനി ഗ്രൂപ്പുമായുള്ള സഹകരണത്തെ മുൻപ് വില്യം റൂട്ടോ സർക്കാരിലെ പ്രമുഖർ വിശേഷിപ്പിച്ചിരുന്നു.
Story Highlights : Kenya Cancels Adani Group Power Deal Amid US Bribery Charges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here