കൈകൂപ്പി അമ്മു പറഞ്ഞു, ജീവിക്കാന്‍ വിട്ടാല്‍ മാത്രം മതിയെന്ന്, അവര്‍ പിന്തുടര്‍ന്ന് എന്റെ കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചു; അമ്മുവിന്റെ പിതാവ്

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തിലെ അന്വേഷണത്തില്‍ തനിക്ക് പൂര്‍ണ തൃപ്തിയുണ്ടെന്ന് അമ്മുവിന്റെ പിതാവ് സജീവ് ട്വന്റിഫോറിനോട്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടേയും അറസ്റ്റ് രേഖപ്പെടുത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പിതാവ് പറഞ്ഞു. തന്റെ കുഞ്ഞിനെ ഇവര്‍ വിടാതെ പിന്തുടര്‍ന്ന് മാനസികമായി പീഡിപ്പിച്ചിരുന്നു. കോളജില്‍ പരാതി നല്‍കിയത് അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ വിളിച്ചപ്പോള്‍ അവസാനം പോലും അമ്മു ആ കുട്ടികളോട് തന്നെ ജീവിക്കാന്‍ വിട്ടാല്‍ മാത്രം മതിയെന്നാണ് കൈകൂപ്പി അപേക്ഷിച്ചതെന്നും സജീവ് കൂട്ടിച്ചേര്‍ത്തു. (Nursing student ammu death ammu’s father reaction)
അമ്മുവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ സംഭവത്തിലുള്‍പ്പെടെ അന്വേഷണം വേണമെന്ന് അമ്മുവിന്റെ പിതാവ് ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയാണ് തനിക്കുള്ളത്. ബുധനാഴ്ച വന്നിരുന്നെങ്കില്‍ അമ്മുവിനെ ഒപ്പം വിടാമായിരുന്നല്ലോ എന്നാണ് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ പറഞ്ഞത്. അന്ന് അസുഖസംബന്ധമായ ചില കാര്യങ്ങളുള്ളതിനാല്‍ താന്‍ വരില്ലെന്ന് പ്രിന്‍സിപ്പാളിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും അമ്മുവിന്റെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. അമ്മുവിന്റെ മരണത്തില്‍ നീതി ഉറപ്പാക്കാന്‍ ഒപ്പം നില്‍ക്കുന്നതിന് അദ്ദേഹം ട്വന്റിഫോറിന് നന്ദിയും രേഖപ്പെടുത്തി.
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികളെയാണ് അല്‍പ സമയം മുന്‍പ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയേക്കും. അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ച മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂന്നുപേരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. പത്തനാപുരം സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിനിയേയും കോട്ടയം സ്വദേശികളായ രണ്ടുപേരെയുമാണ് പൊലീസ് ഇവരുടെ വീടുകളില്‍ ചെന്ന് കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയും പത്തനംതിട്ടയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അമ്മുവിനെ സഹപാഠികളില്‍ ചിലര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിതാവ് സജീവ് നേരത്തെ കോളജ് പ്രന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കോളജ് ഈ പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട്.
Story Highlights : Nursing student ammu death ammu’s father reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here