രാജ്യ തലസ്ഥാനത്തെ വിപണികളിൽ നന്ദിനി മിൽക്കിന്റെ വരവ് അമൂലിന് ഭീഷണിയാകുമോ?
കർണാടക മിൽക്ക് ഫെഡറേഷൻ്റെ (കെഎംഎഫ്) നന്ദിനി ബ്രാൻഡ് പാൽ ഉൽപന്നങ്ങൾ ഡൽഹിയിലെ എൻസിആർ വിപണിയിൽ എത്തിത്തുടങ്ങി. കാലങ്ങളായി രാജ്യതലസ്ഥാനത്തെ വിപണികളിൽ ഇടം നേടിയിരിക്കുന്ന മദര്‍ ഡയറി, അമുല്‍, മധുസൂദനന്‍, നമസ്തേ ഇന്ത്യ തുടങ്ങിയ ബ്രാന്‍ഡുകൾക്കിടയിലേക്കാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ മില്‍ക്ക് ഫെഡറേഷന്റെ കടന്നുവരവ്.
ഫെഡറേഷൻ നിലവിൽ പ്രതിദിനം 100 ലക്ഷം ലിറ്റർ പാലാണ് ശേഖരിക്കുന്നത്. പ്രാദേശിക ഉപഭോഗത്തിനായി ആവശ്യം വരുന്നത് 60 ലക്ഷം ലിറ്ററാണ്, ബാക്കി മിച്ചം വരുന്ന 40 ലക്ഷം ലിറ്ററാണ് വിപണികളിൽ വില്പനയ്ക്കായി എത്തിക്കുന്നത്. ഈ വിപുലീകരണം സുഗമമാക്കുന്നതിന്, മാണ്ഡ്യ മില്‍ക്ക് യൂണിയനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍സുലേറ്റഡ് റോഡ് ടാങ്കറുകള്‍ വഴി പാല്‍ കൊണ്ടുപോകുന്നതിനുള്ള ടെന്‍ഡര്‍ കെഎംഎഫ് അടുത്തിടെ നടത്തിയിരുന്നു.
പശുവിൻ പാൽ ലിറ്ററിന് 56 രൂപയ്ക്കും ഫുൾ ക്രീം മിൽക്ക് ലിറ്ററിന് 67 രൂപയ്ക്കും സ്റ്റാൻഡേർഡ് പാൽ ലിറ്ററിന് 61 രൂപയ്ക്കും ടോൺഡ് മിൽക്ക് ലിറ്ററിന് 55 രൂപയ്ക്കും തൈര് കിലോയ്ക്ക് 74 രൂപയ്ക്കുമാണ് വിപണികളിൽ നന്ദിനി പാലുല്പന്നങ്ങളുടെ വില. കര്‍ണാടക, മഹാരാഷ്ട്ര (മുംബൈ, നാഗ്പൂര്‍, പൂനെ, സോലാപൂര്‍ എന്നിവയുള്‍പ്പെടെ), ഗോവ, ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളില്‍ കെഎംഎഫിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണികളിൽ വില്പനയിലുണ്ട്.
കര്‍ണാടകയിലെ 22,000 ഗ്രാമങ്ങളിലായി 15 യൂണിയനുകളാണ് നന്ദിനി പാലിനായുള്ളത്. 24 ലക്ഷം പാല്‍ ഉത്പാദകര്‍, 14,000 സഹകരണ സംഘങ്ങള്‍ എന്നിവയുടെ വിപുലമായ ശൃംഖലയ്ക്ക് കീഴിലാണ് കെഎംഎഫ് പ്രവർത്തിക്കുന്നത്. കെഎംഎഫ് പ്രതിദിനം 8.4 ദശലക്ഷം ലിറ്റര്‍ പാല്‍ പ്രോസസ്സ് ചെയ്യുകയും 65 ലധികം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. ഫെഡറേഷന്‍ ക്ഷീര കര്‍ഷകര്‍ക്ക് പ്രതിദിനം 17 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. അതിൽത്തന്നെ 2021-22 ല്‍ ഏകദേശം 19,800 കോടി രൂപയുടെ വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
കർണാടക ഡയറി ഡെവലപ്‌മെൻ്റ് കോർപ്പറേഷനാണ് പിന്നീട് നന്ദിനി ബ്രാൻഡുകളായത്. കാലക്രമേണ, നന്ദിനി കർണാടകയിലെ ഏറ്റവും ജനപ്രിയമായ ഡയറി ബ്രാൻഡായി വളരുകയും അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. പാലുല്പന്നങ്ങൾക്ക് പുറമെ ദോശ, ഇഡ്‌ലി മാവ് അവതരിപ്പിക്കാനും ബ്രാൻഡ് പദ്ധതിയിടുന്നുണ്ട്.
Story Highlights : Karnataka’s Nandini milk products enter Delhi-NCR market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here