Advertisement

ഇല്ലാത്ത കരാര്‍ റദ്ദാക്കുന്നതെങ്ങനെ? കൈക്കൂലി കേസിന് പിന്നാലെ വിമാനത്താവളത്തിനുള്ള കോടികളുടെ കരാര്‍ കെനിയ റദ്ദാക്കിയെന്ന വാര്‍ത്ത തള്ളി അദാനി ഗ്രൂപ്പ്

November 23, 2024
Google News 2 minutes Read
Adani group clarifies on Kenya cancelling contract 

അമേരിക്കയിലെ കൈക്കൂലി കേസിന് പിന്നാലെ അദാനിയുമായുള്ള കരാറുകള്‍ കെനിയ റദ്ദാക്കിയെന്ന വാര്‍ത്ത തള്ളി അദാനി ഗ്രൂപ്പ് രംഗത്ത്. കെനിയയുടെ പ്രധാന വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി കെനിയയുമായി തങ്ങള്‍ ഇതുവരെ കരാറുണ്ടാക്കിയിട്ടില്ലെന്നും ഉണ്ടാക്കാത്ത കരാര്‍ എങ്ങനെ പിന്‍വലിക്കാനാകും എന്നുമാണ് അദാനി ഗ്രൂപ്പിന്റെ ചോദ്യം. 2.5 ബില്യണിന്റെ ബൃഹദ് പദ്ധതി അമേരിക്കന്‍ കേസിന്റെ പശ്ചാത്തലത്തില്‍ കെനിയ വേണ്ടെന്ന് വച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കെനിയന്‍ പ്രസിഡന്റ് വില്യം റുട്ടോ തന്നെ കരാര്‍ നേരിട്ട് പിന്‍വലിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് ഇതെല്ലാം തെറ്റാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞത്. (Adani group clarifies on Kenya cancelling contract)

കെനിയയില്‍ 30 വര്‍ഷത്തേക്ക് പ്രധാന വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി കഴിഞ്ഞ മാസം ഒപ്പിട്ട കരാറാണെങ്കില്‍ സെബി നിശ്ചയിച്ച ഡിസ്‌ക്ലോസര്‍ പരിധിയ്ക്ക് കീഴില്‍ വരുന്നില്ലെന്നും അദാനി ഗ്രൂപ്പ് പ്രസ്താവിച്ചു. അതിനാല്‍ കരാറിനെക്കുറിച്ച് വെളിപ്പെടുത്തേണ്ടതില്ലെന്നും ഗ്രൂപ്പ് വ്യക്തമാക്കി. വിമാനത്താവളങ്ങളുടെ നിര്‍മാണവും നടത്തിപ്പുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തങ്ങള്‍ കെനിയയില്‍ സ്ഥാപിക്കുന്നതായി കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കമ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ സ്ഥാപനം ഉള്‍പ്പെടെ ഒരു കരാറിലും കെനിയയുമായി ഒപ്പുവച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Read Also: അദാനിക്ക് ക്ഷീണകാലം: അമേരിക്കയിലെ കേസിന് പിന്നാലെ കെനിയയിൽ കോടികളുടെ നഷ്ടം: സുപ്രധാന പദ്ധതികൾ റദ്ദാക്കി

കെനിയയില്‍ നെയ്‌റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണവും 30 വര്‍ഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് നല്‍കാനുള്ളതായിരുന്നു പദ്ധതിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് മൂന്ന് വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാനുള്ള കരാറായിരുന്നു മറ്റൊന്ന്. പദ്ധതിയുടെ ചെലവ്, നിര്‍മാണം, പ്രവര്‍ത്തന നിയന്ത്രണം എന്നിവയ്ക്കുള്ള കരാറാണ് അദാനി എനര്‍ജി സൊല്യൂഷന്‍സും കെനിയ സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ചത്. 30 വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇവ രണ്ടും റദ്ദാക്കിയെന്നായിരുന്നു വാര്‍ത്തകള്‍.

Story Highlights :  Adani group clarifies on Kenya cancelling contract 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here