Advertisement

‘ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു; വർഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല’; കെ സുധാകരൻ

November 23, 2024
Google News 2 minutes Read

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാർട്ടി കേരളത്തിൽ തലപൊക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. ബിജെപിയുടെ വർഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പാലക്കാട് പതിനായിരത്തിലധികം വോട്ടാണ് ബിജെപിക്കു നഷ്ടപ്പെട്ടത്. നഗരസഭയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. ചേലക്കരയിലും വയനാട്ടിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. വർഗീയത വാരിവിതറിയും സമുദായങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപിയുടെ സമുന്നതരായ നേതാക്കൾവരെ പ്രചാരണത്തിനു വന്നിട്ടും പ്രയോജനമുണ്ടായില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

Read Also: ‘ചേലക്കരയിൽ മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നു; പാലക്കാട്‌ പരാജയം പഠിക്കേണ്ടതുണ്ട്’; ബിനോയ് വിശ്വം

വർഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയിൽ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് മതേതര മണ്ണാണെന്ന് ബിജെപി തിരിച്ചറിയണം.ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിന് മികച്ച വിജയം നേടാനും സാധിച്ചെന്നും കെ. സുധാകരൻ പറഞ്ഞു. പിണറായി സർക്കാരിനെതിരേയുള്ള ജനവികാരം ഉപതെരഞ്ഞടുപ്പിൽ ആളിക്കത്തിയിട്ടുണ്ട്. പാലക്കാട് രാഹുൽ മാങ്കുട്ടത്തിൽ നേടിയ വൻഭൂരിപക്ഷം അതിന്റെ അളവുകോലാണെന്ന് കെ സുധാകരൻ പറഞ്ഞു.

ചേലക്കരയിൽ 39,400 വോട്ടിന്റെ ലീഡിനെ മൂന്നിലൊന്നാക്കി ചുരുക്കാൻ രമ്യ ഹരിദാസിനു സാധിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കു ലഭിച്ച വൻ ഭൂരിപക്ഷം കോൺഗ്രസിന്റെ മതേതര, ജനാധിപത്യ ആശയങ്ങൾക്കു ലഭിച്ച അംഗീകാരമാണ്. ഗാന്ധി കുടുംബത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്തതെന്ന് കെ.സുധാകരൻ പറഞ്ഞു.

Story Highlights : K Sudhakaran criticise BJP after by election results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here