പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വി; ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം, സുരേന്ദ്രനെ കൈവിട്ട് വി മുരളീധരനും
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം. കെ സുരേന്ദ്രനെ, വി മുരളീധരനും കൈവിട്ടു. അടിയന്തര കോര്‍കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തി. വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബിജെപി മറ്റന്നാള്‍ അവലോകന യോഗം ചേരും.
കെ സുരേന്ദ്രനും – വി മുരളീധരനും തമ്മില്‍ കുറച്ചുനാളായി ശീത സമരത്തിലാണ്. സുരേന്ദ്രനെതിരായ നീക്കങ്ങള്‍ക്ക് വി മുരളീധരന്‍ നിശബ്ദ പിന്തുണ നല്‍കുന്നു. നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും വി മുരളീധരന്‍ അത്രകണ്ട് സജീവമായിരുന്നില്ല. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടി ഒഴിഞ്ഞ് നിന്നു. തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വി മുരളീധരന്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. സംസ്ഥാന പ്രസിഡന്റ് മറുപടി പറയുമെന്നും തനിക്ക് ഉണ്ടായിരുന്നത് മഹാരാഷ്ട്രയിലെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധിക്കാനേ കഴിഞ്ഞിട്ടില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി. ചോദ്യത്തിന് എല്ലാം മഹാരാഷ്ട്രയെ കുറിച്ച് എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ ചോദിക്കൂ എന്ന് മറുപടി. സന്ദീപ് വാര്യര്‍ പാര്‍ട്ടി തിരിച്ചടിയായി എന്ന ചോദ്യത്തിനും മറുപടി പറഞ്ഞില്ല.
അതേസമയം, പാലക്കാട്ടെ പ്രചാരണത്തിന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഹരിദാസിനെ താന്‍ എവിടെയും കണ്ടിട്ടില്ലെന്ന് ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍. നേതാക്കള്‍ വേദിയില്‍ മാത്രം ഇരിക്കാതെ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കണം. സ്ഥാനാര്‍ഥിയുടെ തലയില്‍ മാത്രം പരാജയം കെട്ടിവച്ചിട്ട് കാര്യമില്ല. സാധാരണ പ്രവര്‍ത്തകരെ വേണ്ട രീതിയില്‍ പരിഗണിക്കാതെ പാര്‍ട്ടി രക്ഷപ്പെടില്ല. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടാന്‍ പാടില്ലായിരുന്നു. സന്ദീപിനെ പിടിച്ചിനിര്‍ത്താന്‍ നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു. ആര് പോയാലും കുഴപ്പമില്ലെന്ന രീതി ശരിയല്ല – സുരേന്ദ്രന്‍ തരൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: സ്‌നേഹരാഷ്ട്രീയത്തിന്റെ ഉടയോന് വിട; വിലാപ യാത്ര കൊട്ടാരക്കര കടന്നു
നേതൃത്വത്തിനും സ്ഥാനാര്‍ത്ഥിക്കുമേതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച എന്‍ ശിവരാജന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് സി കൃഷ്ണകുമാര്‍ വ്യക്തമാക്കി. ശിവരാജന്റേത് പാര്‍ട്ടി അഭിപ്രായം അല്ലെന്നാണ് സി കൃഷ്ണകുമാര്‍ പറയുന്നത്,ശോഭ നിന്നിരുന്നെങ്കില്‍ വിജയിക്കുമെന്ന് പറയുന്നത് എന്ത് കണക്കുകളുടെ അടിസ്ഥാനതിലാണെന്ന് മനസിലാകുന്നില്ലെന്നും കൃഷ്ണകുമാര്‍.
അതേസമയം, പാലക്കാട് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന പി രഘുനാഥിനെതിരെ കെ സുരേന്ദ്രനും സംഘവും രംഗത്തെത്തി. വോട്ട് ചോര്‍ന്നതില്‍ പി രഘുനാഥിന് വീഴ്ചയെന്നാണ് ആക്ഷേപം. ഗ്രൗണ്ടിലെ പ്രശ്‌നങ്ങള്‍ നേതൃത്വത്തെ അറിയിക്കാതെ രഘുനാഥ് വഷളാക്കിയെന്നും വിമര്‍ശനമുണ്ട്. വി മുരളീധരന് എതിരെയും വിമര്‍ശനമുണ്ട്. വയനാട് കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം. പരാമര്‍ശം അനവസരത്തിലുള്ളതും ബോധപൂര്‍വ്വം എന്ന് സംശയിക്കുന്നതായും കെ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നു.
Story Highlights : BJP leaders against state president K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here