വിജയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വാണിംഗ് നല്‍കുന്നു, തിരുത്തണമെങ്കില്‍ തിരുത്തും: കെ മുരളീധരന്‍

വിജയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വാണിംഗ് എന്ന് കെ മുരളീധരന്‍. ചേലക്കരയില്‍ ബിജെപിയുടെ വോട്ട് വര്‍ധിച്ചത് ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. അറിയപ്പെടാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വയനാട്ടില്‍ ബിജെപി കാര്യമായ നേട്ടമുണ്ടാക്കി. ഇത് കാണാതിരിക്കരുതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ( k muraleedharan analyses byelection kerala 2024)
ചേലക്കരയില്‍ കോണ്‍ഗ്രസ് കാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതിനനുസരിച്ചുള്ള ഫലം ലഭിച്ചില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇതുള്‍പ്പെടെ തങ്ങള്‍ വിശദമായി പരിശോധിക്കും. തൃശൂര്‍ ജില്ലയിലെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കുന്നതിന് മുന്‍ഗണന നല്‍കും. പാലക്കാട്ടെ വന്‍ വിജയത്തിന് ശക്തമായ ഭരണവിരുദ്ധ വികാരവും ഒരു കാരണമാണ്. തൃശൂരില്‍ സംഘടനാപരമായി പാളിച്ചകള്‍ സംഭവിച്ചിരുന്നുവെങ്കിലും വി കെ ശ്രീകണ്ഠന്‍ വന്നതിന് ശേഷം നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുണ്ടെന്നും കെ മുരളീധരന്‍ വിലയിരുത്തി. എങ്കിലും അതിന്റെ റിസള്‍ട്ട് ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണവിരുദ്ധ വികാരമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പറയാന്‍ സാധിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പാലക്കാട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും നഗരസഭയ്‌ക്കെതിരെയും ഉണ്ടായ ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്ത് കോണ്‍ഗ്രസും ചേലക്കര നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫുമാണ് വിജയിച്ചിരുന്നത്.
Story Highlights : k muraleedharan analyses byelection kerala 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here