Advertisement

പാലക്കാട് ബിജെപിയിൽ ചൂടേറി ലഡു വിവാദം

November 25, 2024
Google News 2 minutes Read
laddu

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്ക്പോരുകൾക്ക് പിന്നാലെ പാലക്കാട് ബിജെപിയിൽ വീണ്ടുമൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണിപ്പോൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൻറെ ഭാഗമായി നടന്ന ലഡു വിതരണത്തിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കാളിയായതാണ് പുതിയ വിവാദം. നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ നടത്തിയ വിജയാഘോഷത്തിലാണ് ചെയർപേഴ്സൺ ലഡു സ്വീകരിച്ചത്. പ്രമീള ശശിധരന് കോൺഗ്രസ് നേതാക്കൾ ലഡു വായിൽവെച്ച കൊടുക്കുന്ന ദൃശ്യങ്ങൾ സഹിതം ഉൾപ്പെടുത്തിക്കൊണ്ട് പ്രചാരണം ആരംഭിച്ചിരിക്കുകയാണ് കൃഷ്ണകുമാർ വിഭാഗം. ബിജെപി മുതിർന്ന അംഗം എൻ ശിവരാജൻ മധുരം എടുക്കാൻ ശ്രമിച്ചെങ്കിലും ബിജെപി പ്രവർത്തകർ തടഞ്ഞതോടെ അദ്ദേഹം പിന്മാറുന്നതും കോൺഗ്രസ് പ്രവർത്തകരെ തിരിച്ചയക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വീണുകിട്ടിയ ആയുധം വേണ്ടവിധം ഉപയോഗിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കൃഷ്ണകുമാർ പക്ഷം.

അതേസമയം, പാലക്കാട്ടെ തോൽവിയുടെ പേരിൽ ബിജെപിയ്ക്കുള്ളിൽ പോര് മുറുകുന്നതിനിടെ നാളെ സംസ്ഥാന നേതൃയോഗം കൊച്ചിയിൽ ചേരും. സംഘടനാ തിരഞ്ഞെടുപ്പാണ് അജണ്ടയെങ്കിലും A ക്ലാസ് മണ്ഡലത്തിലെ തോൽവി ചർച്ചയാകുമെന്ന് ഉറപ്പാണ്. തോൽവിയുടെ ഉത്തരവാദിത്വം പരസ്പരം ആരോപിച്ച് വിവിധ വിഭാഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.

Read Also: ‘തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി ഭാരവാഹികൾ രാജിവെക്കുമെന്ന് പറയുന്നതിൽ എന്ത് ലോജിക്ക്, അങ്ങനെയെങ്കിൽ പിണറായി വിജയനും രാജിവെക്കണം’; പ്രകാശ് ജാവഡേക്കർ

പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് നഗരസഭ ചെയർപേഴ്സന്റെ നിലപാട്. ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. മാറ്റം വേണമെന്ന തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. എന്നാല്‍, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കൃഷ്ണകുമാറിന് വേണ്ടി കൗൺസിലർമാർ ഒരുമിച്ച് പ്രവർത്തിച്ചു. മറ്റൊരു സ്ഥാനാർത്ഥി എങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.

പ്രതിരോധം എന്ന നിലയിൽ ഇതിനോടകം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. പാലക്കാട് സി കൃഷ്ണകുമാറിനോട് എതിർപ്പുള്ള കൗൺസിലർമാരിൽ പലരും പാലം വലിച്ചു എന്നാണ് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. നിശ്ചയിച്ച സ്ഥലത്ത് പ്രചാരണത്തിന് എത്താതെ ശോഭാ സുരേന്ദ്രൻ തോൽവി ഉറപ്പാക്കാൻ ശ്രമിച്ചതായും, പി രഘുനാഥിൻ്റെ ഏകോപനം പാളിയെന്നും കെ സുരേന്ദ്രൻ വിഭാഗം തുറന്നടിക്കുന്നു. കെ സുരേന്ദ്രനെ കൈവിട്ട വി മുരളീധരനും രാജിയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ പാർട്ടിക്കുള്ളിൽ പോരിൽ കെ സുരേന്ദ്രന് പിന്തുണയുമായി ദേശീയ നേതൃത്വം രംഗത്തെത്തി. ആരും രാജിവെക്കുന്ന പ്രശ്നമില്ലെന്നും പുറത്തുവരുന്ന വാർത്തകൾ അസംബന്ധം എന്നും കേരളത്തിൻറെ പ്രഭാരി പ്രകാശ് ജാവഡേക്കർ സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി. പരസ്യപ്രതികരണങ്ങൾ വിലക്കിയ നേതൃത്വം കടുത്ത നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Story Highlights : Palakkad Ladu controversy heated up in BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here