‘വയനാട് വിഷയത്തിൽ കേരളത്തിലെ MP മാർ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ കാണും’; എൻ കെ പ്രേമചന്ദ്രൻ എം പി
വയനാട്ടിലെ ദുരിത ബാധിതർക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എം പിമാർ ഒറ്റ ക്കെട്ടായി പ്രധാനമന്ത്രിയെ കാണുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. എൽഡിഎഫ് യുഡിഎഫ് വ്യത്യാസമില്ലാതെ തന്നെ കൂട്ടായി പ്രധാന മന്ത്രിയെയും ധനമന്ത്രിയെയും കണ്ട് പ്രശ്നം ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.
Read Also: നിയുക്ത എം എൽ എമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4 ന്
അതേസമയം, നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. എല്ലാ മണ്ഡലങ്ങളിലും എത്തി ജനങ്ങളെ നേരിൽ കാണും. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ഇരകൾക്കായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ല, പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു.
ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് അട്ടമലയിലെ കുടുംബങ്ങൾ മേപ്പാടി പഞ്ചായത്തിനു മുന്നിൽ പ്രതിഷേധവുമായി എത്തി. പ്രദേശവാസികൾക്ക് ആശങ്ക വേണ്ടെന്നും അട്ടമല കുടുംബങ്ങളെ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.ആദ്യപട്ടികയിൽ തന്നെ അട്ടമല ഉൾപ്പെടുത്തുമെന്നും അതിന് ആവശ്യമായ പ്രത്യേക നോട്ട് നൽകുമെന്നും ഇവർ വ്യക്തമാക്കി. പ്രാഥമിക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ വലിയ പ്രതിഷേധം തുടങ്ങുമെന്ന് കുടുംബങ്ങൾ അറിയിച്ചു.
Story Highlights : Kerala MPs will meet the Prime Minister unitedly on the Wayanad issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here