ഷാഹി മസ്ജിദ് സര്‍വെയ്‌ക്കെതിരായ സംബാല്‍ പ്രതിഷേധം; നശിപ്പിച്ച പൊതുമുതലിന്റെ തുക പ്രതിഷേധക്കാരില്‍ നിന്ന് വാങ്ങുമെന്ന് യുപി സര്‍ക്കാര്‍

ഷാഹി മസ്ജിദിലെ സര്‍വെയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ സംബാലില്‍ നടന്ന അക്രമസംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അക്രമത്തില്‍ നശിച്ച പൊതുമുതലിന്റെ പണം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പറയുന്നത്. പൊതുമുതലിന് നേരെ കല്ലെറിഞ്ഞവരുടെ ദൃശ്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പതിയ്ക്കുമെന്നും ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറിയിച്ചു. ഞാറയാഴ്ച പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസ് വെടിവയ്പ്പിലും തുടര്‍ന്നുള്ള അക്രമത്തിലും നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. (Sambhal Violence: UP Govt Seek Damage Compensation from Protesters)
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് 2020ല്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമാനമായ രീതിയില്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഈ പോസ്റ്ററുകള്‍ സര്‍ക്കാരിന് നീക്കം ചെയ്യേണ്ടി വന്നിരുന്നു. സംബാലിലെ അക്രമത്തെ അതീവ ഗൗരവത്തോടെയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കാണുന്നതെന്ന് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഷാഹി മസ്ജിദ് നിന്നിരുന്ന സ്ഥാനത്ത് മുന്‍പ് ഹിന്ദു ക്ഷേത്രമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയെ തുടര്‍ന്നാണ് കോട് ഗാര്‍വി പ്രദേശത്തെ ഷാഹി ജമാ മസ്ജിദില്‍ സര്‍വെ നടത്താന്‍ ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍ നിരവധി പേര്‍ ഈ ഉദ്യോഗസ്ഥരെ തടയാനെത്തി. പൊലീസ് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതിനിടെ പ്രതിഷേധക്കാര്‍ പൊതുമുതലിന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചു. ശേഷം പൊലീസ് വെടിവയ്പ്പുണ്ടാകുകയായിരുന്നു. പൊലീസുള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.
Story Highlights : Sambhal Violence: UP Govt Seek Damage Compensation from Protesters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here