തട്ടിപ്പുകാരോട് ദിവസം മുഴുവൻ സംസാരിക്കും; തട്ടിപ്പുകാരുടെ പേടിസ്വപ്നമായി AI ഡെയ്സി അമ്മൂമ്മ
സൈബർ തട്ടിപ്പുകൾ അടക്കം മിക്കവാറും എല്ലാ തട്ടിപ്പുകൾക്ക് എളുപ്പം വിധേയരാകുന്നത് പ്രായമേറിയവരാണ്. എന്നാൽ തട്ടിപ്പുകാർക്കെല്ലാം പേടിസ്വപ്നമായി ഒരു അമ്മൂമ്മയുണ്ട്. പേര് ഡെയ്സി. ബ്രിട്ടനിൽ നിരവധി തട്ടിപ്പുകാരെ വലയിലാക്കാൻ ഡെയ്സി അമ്മൂമ്മ സഹായിച്ചു. എന്നാൽ മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകത ഈ അമ്മൂമ്മക്കുണ്ട്.
ഇക്കഴിഞ്ഞ നവംബർ 14 മുതൽ ഡെയ്സി അമ്മൂമ്മ ഒരു ദൗത്യത്തിലാണ്. പരമാവധി തട്ടിപ്പുകാരെ അകത്താക്കുകയാണ് ലക്ഷ്യം. എന്നാൽ ഈ മുത്തശ്ശി മനുഷ്യ സ്ത്രീയല്ല. ബ്രിട്ടീഷ് ടെലെകോംമ്യൂണിക്കേഷൻ കമ്പനി ആയ വിർജിൻ മീഡിയ O2 സൃഷ്‌ടിച്ച എ ഐ മുത്തശിയാണ് ഡെയ്സി. എ ഐ അധിഷ്ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽ ആണ് ഡെയ്സി മുത്തശി.
തട്ടിപ്പുകാരോട് ദിവസം മുഴുവൻ സംസാരിക്കുക എന്നതാണ് മുത്തശിയുടെ ഏക തൊഴിൽ. തട്ടിപ്പുകാരോട് ആയിരത്തിലധികം സംഭാഷങ്ങൾ നടത്തിയ ഡെയ്സി മുത്തശ്ശി ശരാശരി 40 മിനിറ്റ് നേരമാണ് സംസാരിക്കുന്നത്. സാങ്കേതിക പരിജ്ഞാനം തീരെയില്ലെന്ന് അഭിനയിച്ചും തന്റെ പേരകുട്ടികളെ കുറിച്ച് കഥ പറഞ്ഞും തട്ടിപ്പുകാരുടെ സമയം കളഞ്ഞ് അവരെ നിരാശരാക്കുകയാണ് ഡെയ്സി മുത്തശ്ശി.
എ ഐ മുത്തശിയെ പരിശീലിപ്പിയ്ക്കാൻ പ്രശസ്തരായ പല തട്ടിപ്പുകാരെയും കമ്പനി ഉപയോഗിച്ചു. ‘വിദഗ്ധ പരിശീലനം’ നേടിയതിനാൽ മുത്തശിയുടെ സംസാരത്തിൽ തട്ടിപ്പുകാർ വീഴുന്നു. തങ്ങളുടെ സംവിധാനമുപയോഗിച് തട്ടിപ്പുകാരുടെ ലിസ്റ്റിലേക്ക് ഡേയ്സിയുടെ നമ്പർ ചേർക്കുകകയാണ് ആദ്യ പടി. നമ്പർ സീഡിംഗ് എന്ന വിദ്യയാണ് ഇതിനു പ്രയോഗിക്കുന്നത്.
തട്ടിപ്പുകാരുടെ സമയം പാഴാക്കുന്നതിനു പുറമേ, ഉപഭോക്താക്കൾ ആരോടാണ് സംസാരിക്കുന്നത് എന്നതിനെക്കുറിച്ച് ജാഗ്രത പുലർത്താൻ മുന്നറിയിപ്പ് നൽകുക എന്ന ദൗത്യത്തിനും കൂടെയാണ് ഡെയ്സി മുത്തശിയെ ഉപയോഗിക്കുന്നത്. പല കേസുകൾക്ക് തുമ്പുണ്ടാക്കാനും തെളിവ് ശേഖരണത്തിനും മുത്തശിയുടെ സേവനം ഉപയോഗിക്കുന്നതായി കമ്പനി അറിയിച്ചു. അമേരിക്കയിലും യൂറോപ്പിലും ഒരാൾക്ക് ഒരു ദിവസം ശരാശരി ഒൻപത് കോളുകളാണ് തട്ടിപ്പുകാരിൽ നിന്ന് വരുന്നത്.
Story Highlights : AI-generated grandma Daisy thwarts scammers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here