എട്ടിൻ്റെ പണി കൊടുത്ത് വിൻസോ; ഗൂഗിളിന് ഇന്ത്യയിലും തിരിച്ചടി; കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ
ഓൺലൈൻ ഗെയിമിങ് കമ്പനി വിൻസോയുടെ പരാതിയിൽ ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. സിസിഐ ഡയറക്ടർ ജനറലിനോട് 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സിസിഐ ചട്ടം സെക്ഷൻ 4(2)(a)(i), 4(2)(b), 4(2)(c) എന്നിവ ഗൂഗിൾ ലംഘിച്ചതായി പ്രാഥമിക വിലയിരുത്തലുണ്ട്. വിപണിയിൽ കുത്തക സ്വാധീനമുള്ള ഗൂഗിൾ ഓൺലൈൻ ഗെയിമിങ് കമ്പനികൾക്കെതിരെ അനാരോഗ്യകരമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് വിൻസോ സിസിഐക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ തേർഡ് പാർട്ടി ആപ്പുകൾക്ക് ഇടം ലഭിക്കാൻ വെക്കുന്ന നിബന്ധനകൾ സംബന്ധിച്ചുള്ളതാണ് പരാതി. ഗൂഗിളിൻ്റെ ഡെവലപർ ഡിസ്ട്രിബ്യൂഷൻ എഗ്രിമെൻ്റ്, ഡെവലപർ പ്രോഗ്രാം പോളിസി എന്നിവ ഏകപക്ഷീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് വിൻസോ വിമർശിച്ചു. പണം ലഭിക്കുന്ന ഗെയിമുകൾ ഇന്ത്യയിൽ ലഭ്യമാക്കാതെ പ്ലേ സ്റ്റോർ നിയന്ത്രിക്കുന്നുവെന്നും വിമർശനമുണ്ട്. ഇതോടെ ഇത്തരം ഗെയിമിങ് ആപ്പുകൾ അതത് കമ്പനികളുടെ വെബ്സൈറ്റ് വഴി മാത്രമാണ് ലഭ്യമാകുന്നത്. എന്നാൽ ഉപഭോക്താക്കൾ വെബ്സൈറ്റിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ഗൂഗിൾ മുന്നറിയിപ്പ് സന്ദേശം കാട്ടി അതും തടയുകയാണെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു.
Story Highlights : CCI orders probe against Google on complaint by gaming company Winzo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here