ജൂലൈ-സെപ്തംബർ മാസത്തെ ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു; 5.4 ശതമാനത്തിലേക്ക് വീഴ്‌ച
നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്കിൽ ഇടിവ്. ജൂലൈ – സെപ്തംബർ പാദത്തിൽ 5.4 ശതമാനമാണ് വളർച്ച. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 6.7 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ സെപ്തംബർ വരെ കാലത്ത് 8.1 ശതമാനമായിരുന്നു വളർച്ച.
രണ്ടാം പാദത്തിൽ കാർഷിക മേഖലയിൽ മൂന്നര ശതമാനമാണ് വളർച്ചയുണ്ടായത്. ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ട് ശതമാനത്തോളം വളർച്ചാ വർധനവ് കാർഷിക മേഖലയിലുണ്ടായി. എന്നാൽ ഖനന മേഖലയിൽ വളർച്ച ഇടിഞ്ഞു. -0.1 ശതമാനമായാണ് ഇടിവ്. കഴിഞ്ഞ വർഷം ഇതേ കാലത്ത് 11 ശതമാനത്തിലേറെയും നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഏഴ് ശതമാനത്തിലേറെയുമായിരുന്നു മൈനിങ് സെക്ടറിലെ വളർച്ച.
മാനുഫാക്ചറിങ് സെക്ടറിലെ വളർച്ച രണ്ട് ശതമാനത്തിലേക്ക് ചുരുങ്ങി. കഴിഞ്ഞ വർഷം 14.3 ശതമാനവും കഴിഞ്ഞ പാദത്തിൽ ഏഴ് ശതമാനവുമായിരുന്നു സെക്ടറിൻ്റെ വളർച്ച. കഴിഞ്ഞ വർഷം 10.5 ശതമാനവും കഴിഞ്ഞ പാദവാർഷിക കാലത്ത് 10.4 ശതമാനവും വളർന്ന ഇലക്ട്രിസിറ്റി രംഗം 3.3 ശതമാനത്തിലേക്ക് താഴ്ന്നു.
ഫിനാൻഷ്യൽ, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സർവീസ് മേഖലകളിൽ 6.7 ശതമാനം വളർച്ച നേടാനായത് ആശ്വാസമായി.പൊതുഭരണം സേവന മേഖലയിൽ 9.2 ശതമാനമാണ് വളർച്ച.
സാമ്പത്തിക വളർച്ചാ നിരക്കിലെ പിന്നോട്ട് പോക്ക്
സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ മടങ്ങിവരവ് വെല്ലുവിളി നേരിടുകയാണെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. മാനുഫാക്ചറിങ്, മൈനിങ് മേഖലകളിൽ തിരിച്ചടിയുണ്ടായതാണ് ആശങ്ക വർധിക്കാൻ കാരണം.
Story Highlights : India’s Q2 GDP slows to 5.4%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here