ആന എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശം പാലിച്ചില്ല; തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്തു
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ കേസെടുത്ത് വനം വകുപ്പ്. വൃശ്ചികോത്സവത്തിലെ ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് സാമൂഹ്യ വനവത്ക്കരണ വിഭാഗം കേസെടുത്തത്. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. (forest department case related to Poornathrayeesa Temple festival)
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ തൃക്കേട്ട ദിനത്തിലെ എഴുന്നള്ളിപ്പിന്റെ പേരിലാണ് കേസ്. ആനപ്പന്തലില്‍ പതിനഞ്ചാനകളെ മൂന്നുമീറ്റര്‍ അകലപരിധി പാലിക്കാതെ നിര്‍ത്തിയതിനാണ് വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരമാണ് കേസ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, വൃശ്ചികോത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് പ്രതികള്‍. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും, ആനകളും ആളുകളും തമ്മില്‍ 8 മീറ്റര്‍ അകലവും പാലിച്ചിരുന്നില്ല എന്ന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം പറഞ്ഞു.
Read Also: ‘ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണം; കനത്ത വില നൽകേണ്ടി വരും’; ഡോണൾഡ് ട്രമ്പ്
എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മഴ പെയ്തതോടെയാണ് ആനകളെ ആനപ്പന്തലില്‍ കയറ്റി നിര്‍ത്തിയത്. കേസെടുത്ത കാര്യം അറിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയം നാളെയാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതില്‍ കേസെടുത്ത കാര്യം വനം വകുപ്പ് കോടതിയെ അറിയിക്കും.
Story Highlights : forest department case related to Poornathrayeesa Temple festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here