ഇന്നലെ ഉച്ചയ്ക്ക് മാതാപിതാക്കളെ വിളിച്ചു; വൈകിട്ട് സിനിമയ്ക്ക് പോകുമെന്ന് അറിയിച്ചു; രാത്രി തേടിയെത്തിയത് ദുരന്ത വാര്‍ത്ത; ശ്രീദീപിന്റെ വിയോഗത്തില്‍ തേങ്ങി ഒരു നാട്

ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ശ്രീദീപ് വല്‍സന്‍ പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ അധ്യാപകനായ വല്‍സന്‍, അഭിഭാഷകയായ ബിന്ദു ദമ്പതികളുടെ ഏക മകനാണ്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ വിളിച്ച് അച്ഛനോടും അമ്മയോടുമടക്കം സംസാരിച്ചിരുന്നു ശ്രീദീപ്. വൈകിട്ട് സിനിമയ്ക്ക് പോകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട്, കുടുംബത്തെ തേടിയെത്തിയത് ദുരന്ത വാര്‍ത്തയാണ്.
പാലക്കാട് നഗരസഭ പരിധിയില്‍പ്പെടുന്ന ശേഖരിപുരത്താണ് ശ്രീദീപിന്റെ വീട്. ഭാരത് മാതാ സ്‌കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹഡില്‍സ് താരമായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് എന്‍ട്രന്‍സിലൂടെ മെഡിക്കല്‍ പഠനത്തിന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയത്. നാടിന് ഏറെ പ്രിയപ്പെട്ട മിടുക്കനായ കുട്ടിയായിരുന്നു ശ്രീദീപ്. പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
അതേസമയം, ആലപ്പുഴ കളര്‍കോട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആര്‍ടിഒ. വാഹനത്തിന്റെ പഴക്കവും മഴയും അപകട കാരണമായെന്ന് ആര്‍ടിഒ മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ അമിത വേ?ഗതയിലായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനം ആരുടേതാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു. 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു.
റോഡില്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവര്‍ലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആര്‍ടിഒ പറഞ്ഞു. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവര്‍ക്ക് കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കും. ഒരു വസ്തുമുന്നില്‍ കണ്ട് കാര്‍ വെട്ടിച്ചെന്നായിരുന്നു ഡ്രൈവര്‍ ആയിരുന്ന വിദ്യാര്‍ത്ഥി പറഞ്ഞത്. എന്നാല്‍ വീഡിയോയില്‍ ഇത് കാണുന്നില്ല. അതിനാല്‍ വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു.
Story Highlights : Sreedeep demise in Alapuzha road accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here