ഇൻഡിഗോയുടെ 6E കോഡ് മഹീന്ദ്ര ചൂണ്ടിയോ? പരാതിയുമായി വിമാന കമ്പനി

മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ കമ്പനിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് രാജ്യത്തെ പ്രധാന വിമാന കമ്പനിയായ ഇൻഡിഗോ. തങ്ങളുടെ ഐഡന്റിഫയർ കോഡ് ആയ 6E പുതിയ ഇലക്ട്രിക് വാഹനത്തിന് മഹീന്ദ്ര നൽകിയതിനെതിരെയാണ് ഹർജി. മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ പുറത്തിറക്കിയ പുതിയ വാഹനം ബിഇ 6ഇയെ ചൊല്ലിയാണ് വിവാദം.
തങ്ങൾ 18 വർഷമായി ഉപയോഗിക്കുന്ന ട്രേഡ് മാർക്ക് ആണ് ഇതെന്നും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 6E കോഡ് കമ്പനിയുടെ അവിഭാജ്യ ഘടകമാണെന്നും ഇൻഡിഗോ ഹർജിയിൽ പറയുന്നു. പങ്കാളികളുമായി ചേർന്നടക്കം തങ്ങൾ ഉൽപന്നങ്ങളിലും സേവനങ്ങളിലും ഈ കോഡ് വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഒറ്റയ്ക്കോ മറ്റേതെങ്കിലും വാക്കുകളുമായി കൂട്ടിച്ചേർത്തോ കോഡ് ഉപയോഗിക്കുന്നത് ഇൻഡിഗോയുടെ അവകാശത്തിനു മേലുള്ള ലംഘനമാണെന്നും ബ്രാൻഡിന്റെ സ്വത്വത്തെ തന്നെ സാരമായി ബാധിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
Read Also: കൂടുതല്‍ മുസ്ലിം പള്ളികള്‍ക്ക് മേല്‍ അവകാശം ഉന്നയിക്കുന്നതില്‍ ആർഎസ്എസില്‍ ആശങ്കയെന്ന് റിപ്പോർട്ട്
നവംബർ 26നാണ് മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽസ് BE 6e, XEV 9e വാഹനങ്ങൾ പുറത്തിറക്കിയത്. പിന്നാലെ BE 6e ക്കായി ട്രേഡ് മാർക്ക് രജിസ്ട്രേഷന് വേണ്ടി അപേക്ഷിക്കുകയും ചെയ്തു. തങ്ങളുടെ വാഹനത്തിന്റെ പേര് ഇൻഡിഗോയുടെ ട്രേഡ് മാർക്ക് അവകാശങ്ങളെ ലംഘിക്കുന്നതല്ലെന്നും വിമാന കമ്പനിയുമായി വിഷയത്തിൽ സമവായ ചർച്ച നടക്കുന്നുണ്ടെന്നുമാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നൽകിയ ഫയലിംഗിൽ മഹീന്ദ്ര & മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഡൽഹി ഹൈക്കോടതി ഇൻഡിഗോയുടെ ഹർജിയിൽ അടുത്തയാഴ്ച വാദം കേൾക്കും. മഹീന്ദ്ര പുറത്തിറക്കിയ BE 6e ഇലക്ട്രിക് കാറിന് 18.90 ലക്ഷമാണ് പ്രാരംഭ വില. ജനുവരി അവസാനത്തോടെ വാഹനം വിപണിയിലെത്തും. ഫെബ്രുവരിയിലോ മാർച്ച് ആദ്യമോ വാഹനം നിരത്തിലിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here