രക്ഷാദൗത്യം ഫലം കണ്ടില്ല; മാലിന്യ കുഴിയില്‍ വീണ കാട്ടാന ചരിഞ്ഞു; പ്രാണനുവേണ്ടി പിടഞ്ഞത് 4 മണിക്കൂര്‍
തൃശൂര്‍ പാലപ്പള്ളിയില്‍ മാലിന്യക്കുഴിയില്‍ വീണ കാട്ടാന ചരിഞ്ഞു. നാലുമണിക്കൂര്‍ ജീവനുവേണ്ടി പിടിഞ്ഞ കാട്ടാനയാണ് രക്ഷാദൗത്യങ്ങള്‍ എല്ലാം വിഫലമായതിനെ തുടര്‍ന്ന് ചരിഞ്ഞത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് ആന കുഴിയില്‍ വീണത്. ആളുകള്‍ ആനയെ കണ്ടെത്തുമ്പോള്‍ ആന വല്ലാതെ അവശ നിലയിലായിരുന്നു. ആള്‍ താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തോട് ചേര്‍ന്ന കുഴിയിലാണ് ആന വീണത്. (elephant fell in to pit in Thrissur died)
സെപ്റ്റിക് ടാങ്കിനായി എടുത്തിട്ട വലിയ കുഴിയിലേക്ക് ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. എട്ടുമണിയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയത്. ആനയുടെ രണ്ട് കാലുകളും കുഴിയുടെ ആഴത്തില്‍ പുതഞ്ഞുപോയിരുന്നതിനാല്‍ തന്നെ രക്ഷാദൗത്യം ഏറെ ശ്രമകരമായിരുന്നു. ആന വീണതിന്റെ ആഘാതത്തില്‍ വശങ്ങളിലുണ്ടായിരുന്ന കല്ലുകള്‍ ദേഹത്ത് പതിച്ചും ആനയ്ക്ക് മുറിവേറ്റിരുന്നു. ജെസിബി ഉള്‍പ്പെടെ എത്തിച്ച് ആനയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മഴവെള്ളം കുഴിയിലേക്ക് ഒലിച്ചെത്തിയത് വെല്ലുവിളിയായി.
ജെസിബി ഉപയോഗിച്ച് കുഴിയുടെ വിസ്തീര്‍ണം കൂട്ടാന്‍ ശ്രമിച്ചെങ്കിലും ജെസിബിയില്‍ ചവിട്ടി കയറാന്‍ ആനയ്ക്ക് വഴിയൊരുക്കാന്‍ ശ്രമിച്ചും രക്ഷാദൗത്യം മുന്നോട്ടുപോയെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആനയെ നേരെ നിര്‍ത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. ആനയുടെ മുന്‍കാലുകള്‍ മാത്രമാണ് പുറത്തുണ്ടായിരുന്നത്. പത്തുമിനിറ്റിലേറെയായി ആന അനക്കമില്ലാതെ കിടക്കുന്നതുകണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി കണ്ടെത്തിയത്. ആനയുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
Story Highlights : elephant fell in to pit in Thrissur, died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here