ആലപ്പുഴയിലെ വീട്ടിലെത്തി ജി സുധാകരനെ കണ്ട് പി ജയരാജന്‍; ഏറെ ആദരവുള്ള നേതാവാണ് സുധാകരനെന്ന് ജയരാജന്‍

ആലപ്പുഴയിലെ സിപിഐഎം സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന വിവാദങ്ങള്‍ക്കിടെ ജി സുധാകരനെ വീട്ടിലെത്തി കണ്ട് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. വിദ്യാര്‍ത്ഥി സംഘടനാ കാലത്ത് തന്റെ നേതാവായിരുന്നു ജി സുധാകരനെന്ന് പി ജയരാജന്‍ പറഞ്ഞു. ജി സുധാകരന്‍ തനിക്ക് അങ്ങേയറ്റം ആദരവുള്ള നേതാവാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. (P jayarajan meets G Sudhakaran in Alappuzha)
ഭുവനേശ്വരന്‍ രക്തസാക്ഷിദിനത്തിന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ് പി ജയരാജന്‍ ആലപ്പുഴയിലെത്തിയത്. ഭുവനേശ്വരന്റെ സഹോദരന്‍ എന്ന നിലയ്ക്കും കൂടി ജി സുധാകരനെ ഇന്ന് കാണാന്‍ ആഗ്രഹിച്ചുവെന്നും പി ജയരാജന്‍ പറഞ്ഞു. ട്രെയിന്‍ മാര്‍ഗമാണ് പി ജയരാജന്‍ ആലപ്പുഴയിലെത്തിയത്. പിന്നീട് കാര്‍ മാര്‍ഗം സുധാകരന്റെ വീട്ടിലെത്തുകയായിരുന്നു. എസ്എഫ്‌ഐയുടെ ആദ്യത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന ജി സുധാകരനോട് തനിക്ക് അങ്ങേയറ്റം ആദരവുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. അരമണിക്കൂറോളം നേരം കൂടിക്കാഴ്ച നീണ്ടുനിന്നു. രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ പുസ്തകവും ജയരാജന്‍ ജി സുധാകരന് കൈമാറി.
ഭുവനേശ്വര്‍ രക്തസാക്ഷി ദിനാചരണത്തില്‍ രാവിലത്തെ പുഷ്പാര്‍ച്ചനയ്ക്ക് മാത്രമാണ് ജി സുധാകരന്‍ പങ്കെടുക്കാറുള്ളത്. ഇത്തവണയും വൈകിട്ടത്തെ പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. ഇത്തവണ പി ജയരാജനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ആലപ്പുഴയിലെ സമ്മേളനത്തില്‍ ഉള്‍പ്പെടെ സുധാകരനെ ക്ഷണിക്കാത്തതില്‍ സുധാകരന് കടുത്ത നീരസമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ കെ സി വേണുഗോപാല്‍ ജി സുധാകരനെ കണ്ടത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Story Highlights : P jayarajan meets G Sudhakaran in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here