ഷമി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമോ?; ഷമിയും രോഹിതും തമ്മില്‍ തര്‍ക്കങ്ങളെന്ന് റിപ്പോര്‍ട്ട്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ പ്രതീക്ഷക്ക് ഒത്ത് ഉയരാന്‍ കഴിയാത്ത ഇന്ത്യന്‍ സംഘത്തിന് അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയോട് പരാജയം സമ്മതിക്കേണ്ടി വന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിശ്വാസിക്കാന്‍ കഴിയുന്ന ബൗളിങ് നിരയെ ഒരുക്കുന്നതില്‍ ടീം മാനേജ്‌മെന്റ് പരാജയപ്പെട്ടുവെന്നാണ് ചില ആരാധകരെങ്കിലും പറയുന്നത്. അഡ്ലെയ്ഡ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ഒഴികെയുള്ള ഇന്ത്യന്‍ പേസ് ബൗളര്‍മാരെല്ലാം നിറം മങ്ങിയപ്പോഴാണ് മുഹമ്മദ് ഷമിയുടെ കുറവ് ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് എന്ത് കാരണത്താലാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
അഡ്ലെയ്ഡിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെ ആരാധകരുടെ ഈ ചോദ്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ രോഹിത്തിനോട് ചോദിക്കുകയും ചെയ്തിരുന്നു. ഷമി ടെസ്റ്റ് കളിക്കാനായി നൂറ് ശതമാനം ഫിറ്റ് അല്ലെന്നായിരുന്നു രോഹിതിന്റെ മറുപടി. ”സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ കാല്‍മുട്ടില്‍ നീര് വന്ന് വീര്‍ത്തിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. അതിനാല്‍ തന്നെ ടീമിനൊപ്പം ചേരുന്നതില്‍ താരത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ തയ്യാറല്ല.’-ഇതായിരുന്നു രോഹിതിന്റെ വാക്കുകള്‍. അതേ സമയം രോഹിതും ഷമിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ബംഗളുരുവില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും മുഹമ്മദ് ഷമി ഫിറ്റ് അല്ലെന്ന തരത്തിലായിരുന്നു രോഹിത് ശര്‍മ്മയുടെ അഭിപ്രായപ്രകടനം. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫിയില്‍ ഷമി കളിക്കാന്‍ സാധ്യതയില്ലെന്ന് കൂടി വന്നതോടെ മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കി. ഷമിക്ക് പരിക്കേറ്റുവെന്ന വാര്‍ത്ത വന്നതോടെ ഷമി അസ്വസ്ഥനായെന്നും പിന്നാലെ ബംഗളുരുവിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഷമി പരിശീലനത്തിനെത്തിയപ്പോള്‍ രോഹിതുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനിടെയായിരുന്നു ഇത്. തന്നെക്കുറിച്ചുള്ള പ്രതികരണത്തിലെ അതൃപ്തി ഷമി രോഹിതിനെ അറിയിച്ചതായിട്ടായിരുന്നു വിവരങ്ങള്‍. മാധ്യമവാര്‍ത്തകളുടെയും ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രസ്താവനയുടെയും അടിസ്ഥാനത്തില്‍ മുഹമ്മദ് ഷമിയും രോഹിത്തും വാക്കുതര്‍ക്കമുണ്ടായിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഐപിഎല്‍ മെഗാലേലത്തിന് മുന്നോടിയായി ‘ഷമി ഫിറ്റല്ല’ എന്ന തരത്തില്‍ മുന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ അഭിപ്രായപ്രകടനവും താരം സോഷ്യല്‍ മീഡിയയിലുടെ പ്രതികരിക്കേണ്ട ഘട്ടത്തിലേക്ക് എത്തിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here