തോട്ടട ഗവൺമെന്റ് ITI കോളജിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം; കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ കോളജിൽ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെഎസ്‌യു കൊടിമരം എസ്എഫ്ഐ തകർത്തതിനെ ചൊല്ലിയാണ് തർക്കം. തുടർന്നുണ്ടായ സംഘർഷത്തിലെ പൊലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.
34 വർഷങ്ങൾക്കുശേഷമാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ ഇത് പിഴുതുമാറ്റിയെന്നാണ് കെഎസ്‌യുവിന്റെ ആക്ഷേപം.
പുറമേ നിന്നുള്ള യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിലെത്തിയാണ് സംഘർഷമുണ്ടാക്കിയതെന്നും പൊലീസിനെയും മാധ്യമങ്ങളെയും മുൻകൂട്ടി അറിയിച്ച് എസ്എഫ്ഐ ആക്രമണം നടത്തുന്നുവെന്ന് കെഎസ്‌യു വരുത്തി തീർക്കുകയാണെന്നും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. പ്രിൻസിപ്പലിനെ കാണാനെത്തിയപ്പോൾ എസ്എഫ്ഐക്കാർ തടഞ്ഞുവെന്നും കെഎസ് യു ആരോപണം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു. അടുത്ത വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി പൊലീസ് ചർച്ച നടത്തും.
Story Highlights : SFI KSU clash at Kannur Thottada Government ITI College; The college is closed indefinitely
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here