സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് ഹൈക്കോടതി
സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകള്‍ പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ല. ധരിക്കുന്ന വസ്ത്രവും, പുരുഷസുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചതുമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബ കോടതിയുടെ നടപടിക്കതിരെ ചെങ്ങന്നൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. (High Court says women should not be judged based on the clothes they wear)
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണ്. ഏതുവസ്ത്രം ധരിക്കുന്നുയെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറല്‍ പൊലീസിങ്ങിനു വിധേയമാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഉഭയസമ്മതപ്രകാരം ഈവര്‍ഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയില്‍ എത്തിയത്.
ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചു, ഡേറ്റിങ് ആപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷസുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി മാവേലിക്കര കുടുംബകോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബകോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന വിലയിരുത്തല്‍ അംഗീകരിക്കാനേ ആകില്ലെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
Story Highlights : High Court says women should not be judged based on the clothes they wear
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here