എന്തേ കേരളത്തിന് ഭ്രഷ്ട്? നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്ക്, മുണ്ടക്കൈയ്ക്കായി കേന്ദ്രം ചില്ലിക്കാശ് തന്നിട്ടില്ല: മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒരു ചില്ലിക്കാശുപോലും സഹായം തരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം രാജ്യത്തിന്റെ ഭാഗമല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി. നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്കെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. (cm pinarayi vijayan against BJP and central government)
കൃത്യമായി മാനദണ്ഡങ്ങള്‍ പ്രകാരമാണ് കേരളം കണക്ക് തയാറാക്കി സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പച്ചക്കള്ളമാണ്. നിശ്ചിത സമയത്തിനകം തന്നെ കേരളം കണക്ക് തയ്യാറാക്കിയിരുന്നു. കേരളത്തിന് മാത്രം ഭ്രഷ്ടെന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിക്ക് കേരളത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ല. മറ്റിടങ്ങളിലെല്ലാം ദുരന്തമുണ്ടായി ഉടന്‍ തന്നെ കേന്ദ്രം സഹായം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വയനാടിനായി സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയ എംപിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നീതി നിഷേധത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം രേഖപ്പെടുത്തി. നാടിന്റെ ശക്തമായ പ്രതിഷേധമാണ് നാം കണ്ടത്. നാടിന്റെ ഒരുമയും ഐക്യവും പ്രധാനമാണ്. അതിലൂടെ അതിജീവനം നടത്താം എന്ന് നാം തെളിയിച്ചിട്ടുണ്ട്. ചൂരല്‍മലയിലും അതാണ് കാണാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനെതിരെയും ഇന്ന് മുഖ്യമന്ത്രി അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് തെമ്മാടികളെയും, സമൂഹ ദ്രോഹികളെയും പോറ്റി വളര്‍ത്തിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റുകാരെ കരുതി കൂട്ടി ആക്രമിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴും ഇതില്‍ നിന്ന് മാറ്റം വന്നിട്ടില്ല. ഈയൊരു മാനസികാവസ്ഥയില്‍ നിന്ന് ഇവര്‍ പുറത്ത് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : cm pinarayi vijayan against BJP and central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here