Advertisement

മലയാള സിനിമ ചെയ്യാന്‍ തന്നെ അനുവദിക്കില്ലെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ ഭീഷണിപ്പെടുത്തിയെന്ന് സാന്ദ്ര തോമസ്; വെളിപ്പെടുത്തല്‍ ട്വന്റിഫോര്‍ ജനകീയ കോടതിയില്‍

December 15, 2024
Google News 2 minutes Read
sandra thomas

മലയാള സിനിമ ചെയ്യാന്‍ തന്നെയിനി സമ്മതിക്കില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഭീഷണിപ്പെടുത്തിയതായി സാന്ദ്ര തോമസ്. ട്വന്റിഫോര്‍ ന്യൂസ് സീനിയര്‍ എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം അവതാരകനായ ജനപ്രിയ പരിപാടി ജനകീയ കോടതിയിലായിരുന്നു സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തല്‍. ഭീഷണിപ്പെടുത്താന്‍ ഇടയായ സാഹചര്യവും സാന്ദ്ര വിശദീകരിച്ചു.

ജൂതന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിന്റെ പിതാവ്, സംവിധായകന്‍ ഭദ്രനുമായി ഒരു കരാര്‍ മുന്നോട്ട് വച്ചിട്ടുണ്ടായിരുന്നു. ആറ് കോടി രൂപയ്ക്ക് ഫസ്റ്റ് കോപ്പി ബേസിസില്‍ സിനിമ തീര്‍ക്കുക എന്നായിരുന്നു കരാര്‍. അതനുസരിച്ച് അഡ്വാന്‍സും കൊടുത്തിട്ടുണ്ടായിരുന്നു. കരാര്‍ ഒപ്പ് വച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒന്‍പത് കോടി രൂപയാകും ചിലവ് എന്ന് ഇദ്ദേഹം പറഞ്ഞു. അതില്‍ കൂടുതലുമായേക്കാം എന്നും അറിയിച്ചു. എന്നാല്‍ നേരത്തെ സമ്മതിച്ച തുകയ്ക്ക് തന്നെ സിനിമ ചെയ്യണം എന്ന് തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേംബറില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഫെഫ്കയെ പ്രതിനിധീകരിച്ച് ബി ഉണ്ണികൃഷ്ണനും പങ്കെടുത്തിട്ടുണ്ടായിരുന്നു. യോഗം അവസാനമായപ്പോഴേക്കും മറ്റൊരു നിര്‍മാതാവിന് സിനിമ തങ്ങള്‍ വിട്ടു കൊടുക്കണം എന്ന നിലയിലേക്കായി കാര്യങ്ങള്‍.

Read Also: തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

യോഗം അവസാനിക്കാറായപ്പോഴാണ് ഞാന്‍ അവിടെ എത്തുന്നത്. ഇതിന്റെ പേരില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും സാറ്റ്‌ലൈറ്റും ഒടിടിയും ഇന്‍വെസ്റ്ററെയും വരെ തയാറാക്കിവച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതെന്റെ ക്രെഡിബിലിറ്റിയെക്കൂടി ബാധിക്കുന്ന കാര്യമാണെന്നും വേറെ ആര്‍ക്കെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ഒരു കാര്യം വിട്ടുകൊടുക്കുമ്പോള്‍ നമുക്കും അതിന്റെ ഗുണമുണ്ടാവണമല്ലോ? ഒരു കോടി രൂപ എന്ന് പറഞ്ഞത് ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഞാന്‍ പറഞ്ഞത് ഒരു വലിയ തുകയാണ് എന്നായിരുന്നു പ്രതികരണം. അപ്പോള്‍ത്തന്നെ ബി ഉണ്ണികൃഷ്ണന്‍ അകത്തേക്ക് കയറി വന്ന് നിന്നെ ഞാന്‍ കാണിച്ചു തരാം, ഇനി മലയാള സിനിമ നീ ചെയ്യില്ല എന്ന് പറഞ്ഞു. ചേംബറിന്റെ ഹാളില്‍ വച്ച് ഭാരവാഹികള്‍ എല്ലാം ഇരിക്കെയായിരുന്നു ഭീഷണി. ശേഷം അദ്ദേഹം ഇറങ്ങിപ്പോയി – സാന്ദ്ര പറഞ്ഞു.

തന്റെ എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അതെന്ന് സാന്ദ്ര പറയുന്നു. പിന്നീട് ആദ്യം അദ്ദേഹം ചെയ്തത് നടന്നുകൊണ്ടിരിക്കുന്ന പടത്തിന്റെ വര്‍ക്ക് നിര്‍ത്തി വെപ്പിക്കുകയായിരുന്നുവെന്നും സാന്ദ്ര വെളിപ്പെടുത്തി. ഫെഫ്ക അംഗങ്ങളായ ആളുകളെ വിളിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ണമായും നിര്‍ത്തിച്ചു. എഡിറ്റര്‍ ഉള്‍പ്പടെയുള്ളവരെ വിളിച്ച് ചോദിക്കുമ്പോള്‍ പറഞ്ഞത് ഈ പടം ചെയ്യരുതെന്ന് ഫെഫ്കയില്‍ നിന്ന് തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നതാണ്. ഇത്തരത്തിലുള്ള പ്രതികരണമടങ്ങിയ ഫോണ്‍ റെക്കോര്‍ഡ് അപ്പോള്‍ തന്നെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്തിനും അന്നത്തെ സെക്രട്ടറിക്കും അടക്കമുള്ളവര്‍ക്ക് ഞാന്‍ അയച്ചു കൊടുത്തു. മറ്റൊരു പടത്തിന്റെ പേരില്‍ ഈ പടത്തിന്റെ വര്‍ക്ക് നിര്‍ത്തിച്ചാല്‍ ഞാന്‍ കോംപറ്റിഷന്‍ കമ്മീഷനില്‍ പോകും എന്ന് പറഞ്ഞതിന്റെ പേരിലാണ് ചേംബര്‍ ഇതില്‍ വീണ്ടും ഇടപെടുന്നത്. ഒരു കോടി രൂപയ്ക്ക് പകരം 15 ലക്ഷം രൂപ തരാം എന്ന് ഇവര്‍ പറഞ്ഞു. ഇന്നേ ദിവസം വരെ ആ തുക എനിക്ക് കിട്ടിയിട്ടില്ല – സാന്ദ്ര വ്യക്തമാക്കി.

ബി ഉണ്ണികൃഷ്ണന് തന്റെ ആദ്യത്തെ സനിമ മുതല്‍ തന്നെ ഇഷ്ടമല്ലെന്നും സാന്ദ്ര പറയുന്നു. നിര്‍മാതാക്കളുടെ സംഘടനയുടെ ഭാഗമായ ഒരാള്‍ എങ്ങനെയാണ് തൊഴിലാളി സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിട്ട് ഇത്രയും കാലമിരുന്നത് എന്ന ചോദ്യവും സാന്ദ്ര തോമസ് ഉന്നയിച്ചു. നിര്‍മാതാക്കളുടെ സംഘടനയുടെ പല തീരുമാനങ്ങളിലും ബി ഉണ്ണികൃഷ്ണന്റെ ഇടപെടല്‍ ഉണ്ടാവാറുണ്ടെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.

Story Highlights : Producer Sandra Thomas says that B Unnikrishnan threatened her

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here