മെക് 7 വ്യായാമക്കൂട്ടായ്മ എങ്ങനെ ഉത്തരേന്ത്യ വരെ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയമായി? പോപ്പുലര്‍ ഫ്രണ്ട് തിരികെക്കൊണ്ടുവരാനെന്ന ആരോപണത്തിന് പിന്നിലെന്ത്?

മെക് 7 വ്യായാമക്കൂട്ടായ്മ ഇസ്ലാമിക രാഷ്ട്രീയ യാഥാസ്ഥിതികത്വത്തെ കേരളത്തില്‍ വീണ്ടും വേരുറപ്പിക്കാനുള്ള ഗൂഢ വ്യായാമമോ എന്ന സംശയം ഹിന്ദുവലത് സംഘടനകള്‍ക്കും മുന്‍പേ ഉന്നയിച്ചത് സമസ്തയിലെ ഒരു വിഭാഗവും സിപിഐഎമ്മുമാണ്. മെക് 7 പ്രവര്‍ത്തനങ്ങള്‍ ദുരൂഹമെന്ന വിമര്‍ശനം ഒരു വശത്തും സമസ്ത എ പി വിഭാഗം തുടക്കമിട്ട, പിന്നീട് സിപിഐഎമ്മും ബിജെപിയും ഏറ്റെടുത്ത ആരോപണങ്ങള്‍ വംശീയ പ്രചാരണമെന്ന വാദം മറുവശത്തും നില്‍ക്കുയാണ്. മെക് 7 വിമര്‍ശനത്തില്‍ സിപിഐഎം നേതാവിന്റെ മലക്കം മറിച്ചില്‍ മുതല്‍ ഇ ഡി അന്വേഷണം വരെ വിവാദം ആളിക്കത്തുന്നതിലേക്ക് എത്തിയിരിക്കുന്നു ഇപ്പോള്‍ കാര്യങ്ങള്‍. ഒരു വ്യായാമക്കൂട്ടായ്മ കേരളം ചര്‍ച്ച ചെയ്യുന്ന സാമൂഹ്യ, രാഷ്ട്രീയ വിഷയമായത് എങ്ങനെയാണ്? പരിശോധിക്കാം. (MEC 7 controversy explained P Mohanan samsatha )
ഇന്ത്യന്‍ പാരാമിലിറ്ററി സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീന്‍ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് 7 അഥവാ മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയില്‍ വ്യായാമ മുറകള്‍ക്കായി സലാഹുദ്ദീന്‍ നാട്ടില്‍ 2012 ലാണ് മെക് സെവന്‍ തുടങ്ങുന്നത്. 2022 മുതല്‍ പുതിയ ശാഖകള്‍ ആരംഭിച്ച മെക് 7 മലബാറില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകളായി വളര്‍ന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും സമസ്ത എ പി വിഭാഗവും മെക് 7 വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകളെക്കുറിച്ച് ചില സംശയങ്ങളുമായി രംഗത്തെത്തുന്നത്.
Read Also: മരങ്ങളെ സ്‌നേഹിച്ച മുത്തശ്ശി; പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു
മെക് സെവന് പിന്നില്‍ ജമാഅത്തി ഇസ്ലാമിയാണെന്നും മുസ്ലീങ്ങളെ ഭിന്നിപ്പിക്കുന്നതിനും സുന്നികളെ സ്വാധീനിക്കുന്നതിനും വേണ്ടിയാണ് ഈ കൂട്ടായ്മ ഉണ്ടാക്കിയതെന്നായിരുന്നു സമസ്ത എപി വിഭാഗം നേതാവ് അബ്ദുറഹ്‌മാന്‍ സഖാഫിയുടെ പ്രതികരണം. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്ന് കൂടി അദ്ദേഹം പറഞ്ഞിരുന്നു. മെക് 7ന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍ഡിഎഫിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളും സമാന രീതിയില്‍ തന്നെയായിരുന്നെന്നും എസ് വൈ എസ് നേതാവ് മുഹമ്മദലി കിനാലൂര്‍ വിമര്‍ശിച്ചിരുന്നു. വ്യായാമം മറയാക്കി മെക് 7 സുന്നികളെ സ്വാധീനിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും പണ്ഡിതര്‍ പഠിച്ചു അഭിപ്രായം പറയുമെന്നുമാണ് ഇന്ന് ട്വന്റിഫോറിലൂടെ എസ് വൈ എസ് ജനറല്‍ സെക്രട്ടറി ഡോ ഹക്കിം അസ്ഹരിയുടെ പ്രതികരണം.
പോപ്പുലര്‍ ഫ്രണ്ട് പേരുമാറ്റി വന്നതോ മെക് 7 എന്ന സംശയം തന്നെയാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മറുപടിയില്‍ മുഴച്ചുനിന്നിരുന്നത്. തളിപ്പറമ്പില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ മെക് 7ന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും ഇതിന് പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്നത് ജമാഅത്തി ഇസ്ലാമിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവരുടെ മതരാഷ്ട്രവാദത്തിനുള്ള മറ മാത്രമാണ് വ്യായാമക്കൂട്ടായ്മ എന്ന പേരെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ പിന്നീട് അദ്ദേഹം സ്വന്തം നിലപാട് തിരുത്തി രംഗത്തെത്തി. പൊതുവേദികളില്‍ ജമാഅത്തി ഇസ്ലാമി, എസ്ഡിപിഐ, സംഘപരിവാര്‍ എന്നിവര്‍ നുഴഞ്ഞുകയറുന്നത് തടയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ ബിജെപിയോ ഹിന്ദു ഐക്യവേദിയോ വിവാദങ്ങളെ വിടാന്‍ തയാറായിരുന്നില്ല.
പി മോഹനന്‍ സ്വന്തം നിലപാടില്‍ നിന്ന് യൂ ടേണ്‍ അടിച്ചതുവരെ സിപിഐഎം നേതാക്കള്‍ക്ക് തീവ്രമുസ്ലീം വിഭാഗങ്ങളില്‍ നിന്നുള്ള ഭീഷണി മൂലമാണെന്ന് വിമര്‍ശിക്കാനാണ് ബിജെപി ശ്രമിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി. മതതീവ്രവാദികളെ ഭയന്ന് സിപിഐഎം നേതൃത്വവും സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്നു കെ.സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. എന്നാല്‍ സിപിഐഎം ഉന്നത നേതൃത്വം ഇടപെട്ട് തീവ്രവാദ ശക്തികളെ സംരക്ഷിക്കുകയാണ്. സംസ്ഥാന ഇന്റലിജന്‍സിന്റെ പക്കല്‍ ഈ കൂട്ടായ്മയുടെ വിവരങ്ങള്‍ ഇല്ലാത്തത് സംശയാസ്പദമാണ് എന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ് മെക് 7 കൂട്ടായ്മയ്ക്ക് അയച്ച ആശംസ കത്തും മെക് 7 എല്ലായിടത്തും വേണമെന്ന വി കെ ശ്രീകണ്ഠന്‍ എംപിയുടെ പ്രശംസയും ചര്‍ച്ചയായി. എന്നാല്‍ മെക് 7നെ ഒരു രാഷ്ട്രീയ യാഥാസ്ഥിതിക ഗൂഢ നീക്കമായി വ്യാഖ്യാനിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വലതുചായ്വുള്ള ദേശീയ മാധ്യമങ്ങളില്‍ നിറയുകയാണ്. കേരളത്തിലെ ഈ കൊച്ചുവ്യായാമ കൂട്ടായ്മ ഉത്തരേന്ത്യയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ വിവാദങ്ങള്‍ കത്തുമ്പോഴും തങ്ങള്‍ വ്യായാമ കൂട്ടായ്മ മാത്രമാണെന്ന വാദത്തില്‍ മെക് 7 ഉറച്ചുനില്‍ക്കുന്നുണ്ട്. തങ്ങളുടെ കൂടെ എല്ലാ രാഷ്ട്രീയ , മത വിഭാഗത്തില്‍പ്പെട്ടവരുമുണ്ടെന്നും തങ്ങളെ നിയന്ത്രിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണെങ്കില്‍ അന്വേഷിച്ച് കണ്ടെത്താമെന്നും മെക് 7 അംഗം യു കെ മുഹമ്മദ് ഷാ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : MEC 7 controversy explained P Mohanan samsatha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here