‘മുല്ലപ്പെരിയാർ ഡാം സുരക്ഷിതം; തമിഴ്നാടിന് വെള്ളം കിട്ടണം, കേരളത്തിലെ ജനങ്ങളെ ആശങ്കയിലാക്കാൻ ഉദ്ദേശിക്കുന്നില്ല’; TKS ഇളങ്കോവൻ

മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാടിലുറച്ച് ഡിഎംകെ. ഡാം സുരക്ഷിതം എന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ. വിദഗ്ധ സമിതി റിപ്പോർട്ടിൽ ഡാം സുരക്ഷിതമാണെന്നാണുള്ളത്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കണമെന്നതാണ് ഡിഎംകെയുടെ നയമെന്നും ടികെഎസ് ഇളങ്കോവൻ ട്വന്റി ഫോറിനോട് പറഞ്ഞു.
ഡാം സുരക്ഷിതമല്ലെങ്കിൽ ഡാമിന്റെ മേൽനോട്ടസമിതി അധികൃതർ റിപ്പോർട്ട് നൽകണമെന്ന് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കണം എന്നതാണ് ഡിഎംകെയുടെ നയം. കേരളത്തിലെ ജനങ്ങളെ ആശങ്കയിൽ ആക്കാൻ ഉദ്ദേശിക്കുന്നില്ല. ജലനിരപ്പ് ഉയർത്തും എന്ന മന്ത്രിയുടെ പ്രസ്താവന ഏത് ഘട്ടത്തിലാണെന്ന് അറിയില്ലെന്ന് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നായിരുന്നു മന്ത്രി ഐ പെരിയസ്വാമിയുടെ പരാമർശം. തമിഴ്നാടിന്റെ സ്വപ്നം ഡിഎംകെ സർക്കാർ നടപ്പിലാക്കും. സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും ആർക്കും വിട്ടുനൽകില്ലെന്നും പെരിയസ്വാമി പറഞ്ഞു. മന്ത്രി പെരിയസ്വാമി പറഞ്ഞത് നടക്കാത്ത കാര്യമാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിരിച്ചടിച്ചു. പാട്ട കരാറിന് പുറത്തുള്ള കേരളത്തിന്റെ ഒരിഞ്ചു ഭൂമിപോലും തമിഴ്നാടിന് വിട്ടു നൽകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ കേരളം കഴിഞ്ഞയാഴ്ച തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയിരുന്നു മന്ത്രി ഐ പെരിയസ്വാമിയുടെ. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പുമായി ബന്ധപ്പെട്ട തമിഴ്നാട് ഗ്രാമ വികസന വകുപ്പ് മന്ത്രി ഐ പെരിയ സ്വാമിയുടെ പരാമർശം ഇരു സംസ്ഥാനങ്ങളിലെയും മന്ത്രിമാർ തമ്മിലുള്ള പോരിന് വഴിവയ്ക്കുകയാണ്.
Story Highlights : DMK spokesperson TKS Elangovan says Mullaperiyar Dam is safe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here