Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (21-12-2024)

December 21, 2024
2 minutes Read
headlines

എം.ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നു

സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നേരിയ രീതിയില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയാക് ഐസിയുവിലുള്ള എംടി വിദഗ്ധ ഡോക്ടേഴ്‌സിന്റെ നിരീക്ഷണത്തിലാണ്. മാസ്‌ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ആരോഗ്യനില മോശമായത്.

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല, അതിജീവിതയുടെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാ?ദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചത്.

പി.കെ ശശിയെ രണ്ടു പദവികളില്‍ നിന്ന് ഒഴിവാക്കി; തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍

പാര്‍ട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എന്‍ മോഹനന്‍ സിഐടിയു ജില്ലാ പ്രസിഡന്റാകും.
കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

‘സാബു ബാങ്കിലെത്തിയപ്പോള്‍ ജീവനക്കാരന്‍ ‘പോടാ പുല്ലേ’ എന്ന് പറഞ്ഞു, പുള്ളി ഭയങ്കര വിഷമത്തിലായിരുന്നു’; ഭാര്യ മേരിക്കുട്ടി

ഇടുക്കി കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ വി.ആര്‍ സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നായിരുന്നും സജിയുടെ പ്രതികരണം. പണി മനസിലാക്കി തരാമെന്നും സജി സാബുവിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും കിണഞ്ഞു ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

രാഹുല്‍ ഗാന്ധി വയനാട് ജയിച്ചത് വര്‍ഗീയ വോട്ട് നേടി; വിവാദ പരാമര്‍ശവുമായി എ വിജയരാഘവന്‍

നേരത്തേ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് സംസാരിച്ച വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു വിവാദ പരാമര്‍ശവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. രാഹുല്‍ ഗാന്ധി വയനാട് ലോക്‌സ്ഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന് എ വിജയരാഘവന്‍ ആരോപിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

മുണ്ടക്കൈ ദുരന്തം: പുനരധിവാസ കരട് പട്ടികയില്‍ അര്‍ഹരായ പല ആളുകളുടേയും പേരില്ല; ലിസ്റ്റില്‍ ഇരട്ടിപ്പും; അപാകത ചൂണ്ടിക്കാട്ടി ദുരന്തബാധിതര്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില്‍ ഒട്ടേറെ അപാകതയെന്ന് തെളിയിച്ച് ദുരന്തബാധിതരുടെ പരാതികള്‍. പട്ടികയില്‍ നിരവധി പേരുകള്‍ ഒന്നിലേറെ തവണ വന്നിട്ടുണ്ടെന്നും അര്‍ഹരായ പലരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചു. കരട് പട്ടികയ്ക്കെതിരെ ദുരന്തബാധികര്‍ എല്‍എസ്ജെഡി ജോയിന്റെ ഡയറക്ടറെ പരാതി അറിയിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനു ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : Today’s News Headlines (21-12-2024)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top